പാലക്കാട് ആദിവാസി യുവാവ് അഗളി ചിറ്റൂർ ഉന്നതിയിലെ ഷിജുവിനുനേരെയുണ്ടായ അക്രമം കേരളത്തെ നടുക്കിയിരിക്കുകയാണ്. എന്തൊരു ക്രൂരതയാണ് ആ യുവാവിനോട് കാണിച്ചത്. മറ്റൊരു മധുകൂടി കേരളത്തിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. മുഖം മാത്രമേ മാറിയിട്ടുള്ളു. നിറവും ജാതിയുമെല്ലാം ഒന്ന്. എന്ത് പ്രബുദ്ധകേരളത്തെക്കുറിച്ചാണ് നിങ്ങളൊക്കെ ഇപ്പോഴും വാചാലരാവുന്നത്. അരനൂറ്റാണ്ട് മുമ്പ് ഞങ്ങൾ കാടുകളിലും മേടുകളിലും ആദിവാസികൾക്കും അനീതികൾക്കുമെതിരെ പോരാട്ടം നടത്തിയപ്പോൾ വലിയ കോലാഹലങ്ങളാണ് നാട്ടിലുണ്ടായത്. എന്നിട്ടും അക്കാലത്ത് നിന്നും നവകേരളത്തിലെത്തി നിൽക്കുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ...?
ഞെട്ടിക്കുന്നതാണ് അഗളിയിൽ നിന്നും പുറത്തുവന്ന വാർത്ത. ഒരാദിവാസി യുവാവ്, ഇനി അയാൾ എന്ത് കുറ്റം ചെയ്തവനാവട്ടെ. വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുക എന്നത് ഏതെങ്കിലും ഒരു പെറ്റ വയറിന് സഹിക്കാനാവുമോ...? ആർക്കാണ് കുഴപ്പമെന്നാണ് മലയാളി ചോദിക്കുന്നത്. എന്താണ് സംശയം. ഇവിടുത്തെ പ്രബുദ്ധരെന്ന് നടിക്കുന്ന കേരളീയ സമൂഹത്തിന്റേതാണ് കുഴപ്പം. ഇപ്പോഴും സവർണ മനോഭാവത്തിന്റെ ചട്ടക്കൂടിൽ നിന്ന് മലയാളി മോചിതരായിട്ടില്ല. കറുത്തവനോടും താഴ്ന്ന ജാതിക്കാരോടും ആദിവാസികളോടുമുള്ള വെറുപ്പ് മാറാതെ ഇത്തരം ദുരവസ്ഥയുടെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിയാനാവില്ല. അതിന് ഇനിയും നമ്മൾ ഒരുപാട് ദൂരം താണ്ടേണ്ടിവരും.
ചിലർ ചോദിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ്. കേരളീയ പൊതുസമൂഹം എന്നുപറഞ്ഞാൽ രാഷ്ട്രീയപാർട്ടികളും പൊതുജനങ്ങളും നേതാക്കളും ഉൾപ്പെടുന്നതാണ്. പാർട്ടി പ്രസിഡന്റുമാരെ നിർണയിക്കുമ്പോഴും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോഴും ജാതിയും സംവരണവും നോക്കുന്നവരാണ് ഇവിടുത്തെ പാർട്ടികൾ. അത്തരമൊരവസ്ഥയിൽ മധുവും ഷിജുവുമെല്ലാം ഇനിയും ആവർത്തിക്കും. എന്തുമാത്രം ക്രൂരതയാണ് ഒരു കാറോ,സ്‌കൂട്ടറോ,സൈക്കിൾ പോലുമില്ലാത്തവരോട് കാണിക്കുന്നത്.
സമൂഹത്തിന്റെ മനോഭാവം മാറിയേ മതിയാവൂ. ഒപ്പം സർക്കാരും പൊലീസും കർശന നടപടികൾ സ്വീകരിക്കണം. പലപ്പോഴും പൊലീസ് പോലും സംരക്ഷകരാവാത്ത കാഴ്ചയുണ്ട്. ഇത്തരം സംഭവങ്ങളിൽ പെടുന്നവർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയുണ്ടാകണം. ഒപ്പം കറുത്തവനോടും ആദിവാസിയോടുമുള്ള മനോഭാവവും മാറണം. ഭരിക്കുന്ന സർക്കാർ ഏതു പാർട്ടിയുടേതാണെന്നതല്ല പ്രശ്‌നം. ഇടപെടലാണ് പ്രധാനം. കുറ്റകൃത്യങ്ങൾക്കെതിരേ ഇടപെടേണ്ടത് പൊലീസാണ്. അതുമൊരു സർക്കാർ സംവിധാനമാണ്. പക്ഷെ അതിന് ഭരണഘടനപരമായ നിരവധിയായ കർത്തവ്യങ്ങളുണ്ട്. ഭരിക്കുന്നത് ആരായാലും അത് നീതിയുക്തമായി അവർ നിറവേറ്റണം. അപ്പോഴേ നാട്ടിൽ നീതിയും ന്യായവും പുലരുകയുള്ളൂ. ഒപ്പം സമൂഹത്തിലേക്ക് ജാതിയിൽ വലിയവന്റേത് മാത്രമല്ല ലോകമെന്നും കറുത്തവനും ജാതിയിൽ താഴ്ന്നുപോയവനും ഇടമുണ്ടെന്ന് പഠിപ്പിക്കുകയും വേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |