വിഴിഞ്ഞം: കൊച്ചിക്ക് സമീപം പുറംകടലിൽ മുങ്ങിയ കപ്പലിലെ ഒരു കണ്ടെയ്നർ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം എത്തി. വിഴിഞ്ഞത്തു നിന്നാണ് എം.എസ്.സി എൽസ 3 കപ്പലിൽ കണ്ടെയ്നറുകൾ കയറ്റി അയച്ചത്. കോവളം, ചെറുമണൽ, വിഴിഞ്ഞം, അടിമലത്തുറ, പുല്ലുവിള ഭാഗങ്ങളിലും പോളി എത്തിലീൻ നിറച്ച പായ്ക്കറ്റുകൾ തീരത്തേക്ക് അടിച്ചു കയറി. പായ്ക്കറ്റുകൾ പൊട്ടി പോളി എത്തിലീൻ ( പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ) തീരത്താകെ വ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ 5.30 ഓടെ വിഴിഞ്ഞം പഴയ വാർഫിന് സമീപത്താണ് കണ്ടെയ്നർ മത്സ്യ തൊഴിലാളികൾ കണ്ടത്. വള്ളം കയറ്റി വയ്ക്കാനുപയോഗിക്കുന്ന ട്രാക്റ്റർ മുഖാന്തരം അവർ തന്നെ വലിയ കടപ്പുറത്ത് തുറമുഖ കമ്പനിയുടെ അതിർത്തിയോട് ചേർന്ന ചാലിൽ എത്തിച്ചു. തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.കണ്ടെയ്നർ പൂർണ്ണമായും തകർന്ന നിലയിലാണ് . കടലിൽ പൊന്തിക്കിടക്കുന്ന പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ തീരമാകെ പടർന്നിരിക്കുകയാണ്. കോവളം മുതൽ പുല്ലുവിളതീരം വരെ പല സ്ഥലങ്ങളിലായി പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിറച്ച 500 ഓളം പാക്കറ്റുകളാണ് അടിഞ്ഞു കയറിയത്. കണ്ടെയ്നറിന്റെ ഒരു ഭാഗം കോവളത്തും അടിഞ്ഞു കയറി.
കുട്ടികൾക്ക് കൗതുകം.
പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ശേഖരിച്ച് കുട്ടികൾ കളിക്കുകയാണ്. കാഴ്ചയ്ക്ക് വെള്ളപ്പൊട്ടുകൾ പോലെ തോന്നിക്കുന്ന ഇവയുടെ ഭംഗിയും തിളക്കവും കണ്ടാണ് ഇവർ ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |