തൃശൂർ: ഇന്ന് ഇടവപ്പാതി. ഇടമുറിയാതെ ഇടവപ്പാതി എന്ന പഴഞ്ചൊല്ല് എറെ കാലമായി പഴങ്കഥയാണെങ്കിൽ ഈ വർഷം തിമർത്ത് പെയ്യുകയാണ്. കാലവർഷമെത്തിയ 24 മുതൽ 27 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 604 ശതമാനം മഴയാണ് കൂടുതൽ ലഭിച്ചത്. കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം നാലു ദിവസത്തിനുള്ളിൽ 35.6 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ ലഭിച്ചത് 250.7 മില്ലി മീറ്ററാണ്. സംസ്ഥാനത്ത് 638 ശതമാനം മഴ കൂടുതലായി ലഭിച്ചു. കണ്ണൂരാണ് കൂടുതൽ മഴ ലഭിച്ചത്.
കാലവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് മൺസൂൺ കാലവർഷം. അത് കൊണ്ട് തന്നെ ഇപ്പോൾ പെയ്യുന്ന മഴയെല്ലാം വേനൽ മഴയുടെ കണക്കിലാണ് ഉൾപ്പെടുന്നത്. ഇതിനിടയിൽ ചക്രവാതചൂഴി കൂടി രൂപപ്പെട്ടതോടെ ശക്തമായ മഴയാണ് പെയ്യുന്നത്. കാലവർഷം തുടക്കം മുതൽ ശക്തമായതോടെ വൻനാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായത്. നാലു ദിവസത്തിനുള്ള 150 ഓളം വീടുകളാണ് തകർന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു.
പെയ്യുന്നത് അതിതീവ്രമഴ
ഇപ്പോൾ പെയ്യുന്നതിൽ അധികവും അതിതീവ്ര മഴയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലാണ് മഴ ലഭിക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന ഈ കാലത്ത് മഴ ദിനങ്ങൾ വലിയ രീതിയിൽ കുറയുന്നുമുണ്ട്. കാലവർഷ കാറ്റിന്റെ ശക്തി ദുർബലമാകുന്നതാണ് മഴ കുറയാൻ വഴിവയ്ക്കുന്നത്. കാലവർഷത്തിൽ അതിതീവ്ര മഴ ലഭിക്കുന്നതിനാൽ ആകെ ലഭിക്കേണ്ട മഴ ഏകദേശം ലഭിക്കുന്നുമുണ്ട്.
ഭൂമിയിലേക്ക് വെള്ളം ഊർന്നിറങ്ങി ഭൂഗർഭ ജല സമ്പത്ത് വർദ്ധിക്കുന്നതിനു പകരം വെള്ളം പുഴകൾ വഴി കടലിലേക്ക് ഒഴുകുകയാണ്. സാധാരണഗതിയിൽ ഉണ്ടാകുന്ന മഴയിൽ നിന്ന് വ്യത്യസ്തമായി ന്യൂനമർദ്ദം, ന്യൂനമർദ്ദ പാതി, ചുഴലിക്കാറ്റ് എന്നിവ രൂപപ്പെടുന്നതിലൂടെയാണ് അതിതീവ്രമഴ പെയ്യുന്നത്.
മിന്നൽച്ചുഴലി
മിന്നൽച്ചുഴലി കേരളത്തിൽ പുതിയ പ്രതിഭാസമാണ്. 2018 മുതലാണ് മിന്നൽച്ചുഴലി ഉണ്ടാകാൻ തുടങ്ങിയത്. കടലിൽ ചൂട് കൂടുന്നതോടെ മേഘങ്ങളിൽ നിന്ന് താഴേക്ക് ശക്തമായ കാറ്റിന്റെ തള്ളൽ ഉണ്ടാകും. ഇതാണ് മിന്നൽച്ചുഴലിയ്ക്ക് കാരണമാകുന്നത്. കാലവസ്ഥയിലെ മാറ്റം പ്രളയത്തിനും വരൾച്ചയ്ക്കും വഴിയൊരുക്കാനും സാധ്യതയുണ്ട്.
കരയും കടലും തമ്മിലുള്ള താപനിലയിലെ വ്യത്യാസമാണ് കാറ്റിനെ കരയിലേക്ക് അടുപ്പിക്കുക. എന്നാൽ, കടലിലും കരയിലും ചൂട് കൂടുന്നതാണ് തിരിച്ചടിയാകുന്നത്.
-ഡോ. എം.ജി.മനോജ്, കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ
ജില്ലയിൽ ലഭിക്കേണ്ട മഴ: 35.6 മില്ലി മീറ്റർ
ലഭിച്ചത്: 250.7 മില്ലി മീറ്റർ
അധികം ലഭിച്ചത്: 604 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |