കൊല്ലം: താനാരാണെന്ന് തനിക്കറിയാതെ കടന്നുപോയ വർഷങ്ങൾ കരഞ്ഞുതീർത്താണ് നൈനിക ആ തീരുമാനത്തിലെത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ നൈനിക മുരളി, കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ ട്രാൻസ് ജെൻഡർ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിലെ ഏക വിജയിയായപ്പോൾ അത് തുടർച്ചയുടെ ഭാഗമായി.
കുറഞ്ചി രാഗത്തിലെ കീർത്തനം നൈനിക ആലപിച്ചപ്പോൾ സദസ് സാകൂതം കേട്ടിരുന്നു. കൈയടിയോടെ പ്രോത്സാഹനം. കൊട്ടാരക്കര വെട്ടിക്കവല വിലങ്ങറയിൽ മുരളിയുടെയും വിജയമ്മയുടെയും മകനായിരുന്നു നൈനിക. ഇപ്പോൾ മകൾ!. സ്കൂൾ പഠന കാലയളവിലാണ് തന്നിലെ സ്ത്രീത്വം നൈനിക തിരിച്ചറിയുന്നത്. ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയാകാൻ നടത്തിയ യാത്രയിലാണ് 'നൈനിക'യുടെ ജനനം. ഏഴാം ക്ലാസിൽ നൃത്തം അഭ്യസിക്കുന്ന പയ്യനിൽ നിന്ന്, 2023ൽ കേരള യൂണിവേഴ്സിറ്റി കലാരത്ന പുരസ്കാരം നേടിയ 'പെൺകുട്ടി' വരെയുള്ള നൈനികയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, രംഗോലി എന്നിവയിലാണ് നൈനിക ഇപ്പോൾ മത്സരിക്കുന്നത്.
മാതാപിതാക്കൾക്ക് എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകനാണ് നൈനിക. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്ത്രൈണഭാവം കൂടുതലാണെന്ന് പറഞ്ഞ് അമ്മ നൃത്തപഠനം അവസാനിപ്പിച്ചു. സംഗീതപഠനം മുന്നോട്ട് പോയെങ്കിലും പത്താം ക്ലാസിൽ അതും നിറുത്തി. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അമ്മയോട് തന്റെ സ്വത്വത്തെക്കുറിച്ച് പറഞ്ഞത്. ആണിനെപ്പോലെ ജീവിക്കാൻ അമ്മയും സഹോദരനും നിർബന്ധിച്ചു. വീട്ടിൽ തനിക്ക് താനായി ജീവിക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ വീടുവിട്ടിറങ്ങി. എറണാകുളത്തുള്ള മുദ്ര എന്ന ഷോർട്ട് സ്റ്റേ ഹോമിൽ ഒരു മാസത്തോളം താമസിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കോടതിയിൽ തന്റെ സ്വത്വം തുറന്നുപറഞ്ഞതോടെ തിരുവനന്തപുരം സാമൂഹിക നീതി ഓഫീസിന് കീഴിലുള്ള കൂടെന്ന ഷെൽറ്റർ ഹോമിലേക്ക് മാറി. അവിടെ വച്ചാണ് കൃഷ്ണവർദ്ധൻ എന്നയാളെ പരിചയപ്പെട്ടത്. കൃഷ്ണൻ ട്രാൻസ്‌മെൻ ആണ്. തൃശൂരാണ് വീട്. 2021ൽ ഇരുവരും വിവാഹിതരായി. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. സർജറി സമയത്ത് കൂട്ടായി സുഹൃത്തുക്കളും കൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിനി ആർച്ചയാണ് നൈനികയുടെ ഗുരു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |