തൃശൂർ: മൂന്ന് വർഷമായി വരുമാനമൊന്നുമില്ലാത്ത സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികൾ കടം വാങ്ങിയ കാശുമായി ഹെൽത്ത് കാർഡ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ. ടൈഫോയ്ഡ് വാക്‌സിൻ ഉൾപ്പെടെ, 500 രൂപ മുതൽ 3000 രൂപ വരെ ചെലവുണ്ട് ഹെൽത്ത് കാർഡ് കെെയിൽ കിട്ടാൻ. ഹെൽത്ത് കാർഡ് ഇല്ലാതെ തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിക്കാനാവില്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് പിടിച്ചുവച്ച കേന്ദ്ര മാൻഡേറ്ററി വിഹിതമായ രണ്ടായിരം രൂപ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. ജോലിയും കൂലിയുമില്ലാത്ത ഏപ്രിൽ, മേയ് മാസങ്ങളലേക്ക് 2017 മുതൽ സർക്കാർ നൽകി വരുന്ന 2000 രൂപ വീതമുള്ള അവധിക്കാല സമാശ്വാസവും ഇപ്പോൾ കുടിശ്ശികയാണ്. സ്വന്തം കുട്ടികളെ സ്‌കൂളിൽ അയക്കാൻ പാടുപെടുകയാണ് പാചക തൊഴിലാളികൾ. ഈ അദ്ധ്യയന വർഷം മുതൽ തൊഴിലാളികൾക്ക് മുടങ്ങാതെ ശമ്പളം നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിലാണ് പാചക തൊഴിലാളികളുടെ പ്രതീക്ഷ.
വീണ്ടും ചർച്ച, പ്രതീക്ഷ...
സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഏതാനും ആഴ്ചകൾക്ക് മുൻപ് ചർച്ച നടത്തിയിരുന്നു. ജൂൺ അവസാനത്തിൽ വീണ്ടും തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തി മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
മിനിമം വേതന പരിധിയിൽ നിന്നും സ്‌കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതായി മന്ത്രി കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾക്ക് യൂണഫോം, ഏപ്രൻ, ക്യാപ് എന്നിവ ലഭ്യമാക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൂൺമീൽ കമ്മിറ്റികൾക്ക് സർക്കാർ നൽകുന്നുണ്ട്. ബാങ്ക് അധികൃതരുമായി നടത്തുന്ന ചർച്ചക്ക് ശേഷം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് കാർഡ് വർഷത്തിലൊരിക്കൽ സമർപ്പിക്കാൻ അവസരമുണ്ടാക്കണമെന്നും അതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും പറയുന്നു.
ഇപ്പോൾ കുടിശ്ശിക ആയിട്ടുള്ള കേന്ദ്ര മാൻഡേറ്ററി വിഹിതമായ രണ്ടായിരം രൂപയും അവധിക്കാല സമാശ്വാസമായ 4000 രൂപയും സ്‌കൂൾ തുറക്കുന്നതിന് മുമ്പേ ലഭ്യമാക്കാൻ സർക്കാർ സന്നദ്ധമായാൽ സ്‌കൂൾ പാചക തൊഴിലാളികൾക്ക് അത് വലിയൊരു ആശ്വാസമാകും.
പി.ജി മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി,
സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |