മലപ്പുറം: യു.ഡി.എഫ് തന്നെ വസ്‌ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണെന്നും കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ചൊറിയും ചിരങ്ങും പിടിച്ച ഒരുത്തനാണോ താനെന്ന് വേണുഗോപാലിനോട് ചോദിക്കുമെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
തന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. ഇനി കാലുപിടിക്കാനില്ല. കാല് പിടിച്ചത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്, അധികാരത്തിനായല്ല.
സർക്കാരിനെ താഴെ ഇറക്കാനാണ് രാജിവച്ചത്. അതുകൊണ്ടാണ് യു.ഡി.എഫുമായി ഒരുമിച്ച് പോകാൻ തീരുമാനിച്ചത്. എന്നാൽ യു.ഡി.എഫ് നേതൃത്വം വാക്കുപാലിച്ചില്ല. യു.ഡി.എഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി. യു.ഡി.എഫ് കൺവീനറായിരുന്ന എം.എം.ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഏൽപ്പിച്ചതാണ്. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും യോജിച്ച് പോകാൻ തീരുമാനിക്കുകയും ചെയ്തു. വിവരം രണ്ടുദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീട് ഒരക്ഷരം പറഞ്ഞില്ല.- അൻവർ പറഞ്ഞു.
എന്തുകൊണ്ടാണ് ഷൗക്കത്ത് സ്ഥാനാർത്ഥിയാകാൻ പാടില്ലെന്ന് പറഞ്ഞതെന്ന് പറയേണ്ട ഘട്ടത്തിൽ വിശദീകരിക്കും. സതീശനെ ആര്, എങ്ങനെ പറ്റിച്ചെന്നും പറയും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ടി.എം.സി സ്ഥാനാർത്ഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകിയിരുന്നു. മിൻഹാജിനെ യു.ഡി.എഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒരു നന്ദി പോലും പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സി.പി.എമ്മിൽ ചേർന്നത്. പ്രിയങ്കാഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർദ്ധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണെന്നും അൻവർ പറഞ്ഞു.
സഹകരിപ്പിച്ചില്ലെങ്കിൽ ടി.എം.സി സ്ഥാനാർത്ഥി ഉണ്ടാവും
യു.ഡി.എഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ടി.എം.സിക്ക് സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് പി.വി.അൻവർ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ത്യൻ പാർലമെന്റിൽ അതിശക്തമായി സംസാരിക്കുന്ന നേതാക്കളും പ്രചാരണത്തിനെത്തുമെന്നും അൻവർ പറഞ്ഞു.
നിലപാടിൽ ഉറച്ച് സതീശൻ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പി.വി.അൻവർ പറയുന്ന ഓരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |