SignIn
Kerala Kaumudi Online
Saturday, 26 July 2025 6.39 PM IST

ആർത്തലച്ച് മഴ: മടപൊട്ടി ഒഴുകി കർഷക കണ്ണീർ

Increase Font Size Decrease Font Size Print Page
mada

കോട്ടയം : പെരുമഴ സൃഷ്ടിക്കുന്ന ആശങ്കയ്ക്ക് പിന്നാലെ മടവീഴ്ച കൂടിയായതോടെ കർഷകരുടെ നെഞ്ചിൽ ഇടിത്തീയായി. വിരിപ്പു കൃഷി ഒരുക്കം ആരംഭിച്ച അയ്മനം പഞ്ചായത്തിലെ 19-ാം വാർഡിലുൾപ്പെടുന്ന പരിപ്പ്, മങ്ങാട്ടുകുഴി പുത്തങ്കരി തുമ്പേക്കണ്ടം പാടശേഖരത്തിലാണ് ഇന്നലെ മടവീഴ്ചയുണ്ടായത്. 252 ഏക്കർ വരുന്ന പാടശേഖരത്തിൽ കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിനെ തുടർന്ന് മട വീഴുകയായിരുന്നു. മോട്ടോർ പുരയ്ക്ക് അടക്കം കേടുപാടുകൾ സംഭവിച്ചു. വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ പ്രതിരോധിക്കൽ ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു. ജൂൺ 15 ന് വിത നടത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയ കുമരകം വടക്കേ മൂലേപ്പാടത്ത് കഴിഞ്ഞ ദിവസം മടവീണിരുന്നു. നിലം ഒരുക്കി കള കിളിർപ്പിച്ച് കളനാശിനി തളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. പുറത്തെ ജലനിരപ്പ് വളരെ ഉയർന്ന് നിന്നിരുന്നതിനാൽ മടയിലൂടെ വലിയ ശക്തിയിലായിരുന്നു പാടത്തേക്ക് ജലപ്രവാഹം. ബണ്ട് ബലപ്പെടുത്തുമ്പോഴേക്കും കൃഷി വൈകുമെന്ന ആശങ്കയുണ്ട്. ആർപ്പൂക്കര, അയ്മനം, കുമരകം പഞ്ചായത്തുകളിലെ നിരവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്.

കൃഷിനാശം 4.27 കോടി

കാലവർഷക്കെടുതിയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4.27 കോടിയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച 23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം. വൈക്കം മേഖലയിലാണ് കൂടുതൽ നാശം. 62 ഹെക്ടറിലെ നെല്ലും, 18 ഹെക്ടറിലെ റബറും, 11 ഹെക്ടറിലെ ജാതിയും നശിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ കുരുമുളക്, കപ്പക്കൃഷികൾക്കും നാശമുണ്ട്.

ആശങ്കയൊഴിയാതെ പടിഞ്ഞാറ്

മുന്നറിയിപ്പ് വീണ്ടും റെഡിലേയ്ക്ക് മാറിയതോടെ പടിഞ്ഞാറൻമേഖലയിൽ ആശങ്ക ഉയരുകയാണ്. ഇന്നലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. തിരുവാർപ്പ്, ചെങ്ങളം, അയ്‌മനം, ഇല്ലിക്കൽ മേഖലകളിലെ നിരവധി വീടുകളിലേക്ക് വെള്ളമെത്തി തുടങ്ങി. പതിവ് മൺസൂൺ തുടക്കത്തിൽ നിന്ന് വ്യത്യസ്തമായി മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതാണ് നഷ്ടക്കണക്ക് വർദ്ധിപ്പിക്കുന്നത്. ഇന്നലെയും വിവിധ ഭാഗങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. ബുധനാഴ്ച രാത്രി മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതൽ സ്ഥിതി മറിച്ചായിരുന്നു. മീനച്ചിലാറ്റിൽ പേരൂർ കടവിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. അയർക്കുന്നം മുതൽ പടിഞ്ഞാറേയ്ക്ക്, മീനച്ചിലാറിന്റെ തീരത്തുള്ള തദ്ദേശസ്ഥാപനങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ജാഗ്രതാ നിർദ്ദേശം

മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.

 ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ ബലപ്പെടുത്തണം

 ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ളവ കെട്ടി വയ്ക്കണം.
 കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുക.

 കെ.എസ്.ഇ.ബി ടോൾ ഫ്രീ നമ്പർ: 1912, കൺട്രോൾ റൂം : 1077

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.