ആറ്റിങ്ങൽ : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആറ്റിങ്ങൽ പട്ടണത്തിൽ ഗതാഗത നിയന്ത്രണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ ഇനിയും ആരംഭിച്ചില്ല. സർക്കാർ നഴ്സറി സ്കൂൾ മുതൽ എൻജിനിയറിംഗ് കോളേജ് വരെയുള്ള ആറ്റിങ്ങൽ പട്ടണത്തിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഒരിടത്തുപോലും സീബ്രാ ലൈനുകളില്ല. സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾക്കിടയിലുള്ള കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നിരവധി റോഡുകൾ സംഗമിക്കുന്നുണ്ടെങ്കിലും വിവിധ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ എല്ലാ സിഗ്നൽലൈറ്റ് സംവിധാനങ്ങളിലും മഞ്ഞ നിറത്തിലുള്ള ലൈറ്റുകൾ മാത്രം എപ്പോഴും കത്തിക്കിടക്കുന്ന നിലയിലാണ്. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായിട്ടും ഗതാഗത നിയന്ത്രണത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾ അടക്കം ആയിരങ്ങളാണിവിടെ രാവിലെയും വൈകിട്ടും റോഡ് മുറിച്ചു കടക്കുന്നത്.
വെട്ടിപ്പൊളിച്ച റോഡുമുണ്ട്
വർക്കല,വക്കം,കടയ്ക്കാവൂർ,കല്ലമ്പലം,ചിറയിൻകീഴ് മേഖലകളിൽ നിന്നുവരുന്ന കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ,ചെറുവാഹനങ്ങൾ എന്നിവയടക്കം രണ്ട് സ്റ്റാൻഡുകളിലേക്കും വരുന്ന വാഹനങ്ങളെ വഴി തിരിക്കുന്ന കച്ചേരി ജംഗ്ഷനിലും സ്ഥിതി മറിച്ചല്ല. ഇവിടെ സിഗ്നൽലൈറ്റ് പ്രവർത്തിക്കുന്നു എന്നതാണ് ഏക ആശ്വാസം.വീരളം ജംഗ്ഷനിൽ പൈപ്പ് സ്ഥാപിക്കാനായി റോഡു വെട്ടിപ്പൊളിച്ച ശേഷം മണ്ണിട്ട് മൂടിയെങ്കിലും മഴയത്ത് മണ്ണ് മാറിയതോടെ റോഡിലൂടെയുള്ള വാഹന ഗതാഗതം അസാദ്ധ്യമായി. ഇനി മൂന്ന് ദിവസം കൊണ്ട് ഇതെങ്ങനെ ശരിയാക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |