SignIn
Kerala Kaumudi Online
Saturday, 26 July 2025 8.02 PM IST

വിവാദങ്ങളിലെ ഉണ്ണി

Increase Font Size Decrease Font Size Print Page
unni

ഗുജറാത്തിലേക്ക് ചേക്കേറിയ ഇടത്തരം മലയാളി കുടുംബത്തിലെ അംഗമാണ് ഉണ്ണി മുകുന്ദൻ. സിനിമയിലെത്തണമെന്നതു മാത്രമായിരുന്നു കൗമാരകാലം മുതൽ ലക്ഷ്യം. ഇതിനായി പല വാതിലുകൾ മുട്ടി. ദീർഘദൂര ട്രെയിനുകളിൽ ദുരിതയാത്ര ചെയ്തു. ഓഡീഷൻ ക്യാമ്പുകളിൽ പങ്കെടുത്തു. പുച്ഛവും അവഹേളനവും സഹിച്ച് തന്റെ ലക്ഷ്യത്തിനായി പടപൊരുതി. ഏറെ വൈകാതെ തന്നെ സിനിമ പയ്യനെ സ്വീകരിച്ചു. സൂപ്പ‌‌ർ ഹീറോ മുതൽ പ്രധാന വില്ലൻ വരെ വ്യത്യസ്ത വേഷങ്ങൾ ലഭിച്ചു. സൂപ്പർ‌താര പരിവേഷത്തിലേക്ക് നീങ്ങുന്നതിനിടെ പല വിവാദങ്ങളും ഉണ്ണി മുകുന്ദനെ പൊതിഞ്ഞു. ചിലത് ക്രിമനൽ കേസുകളായി. ഇതിൽ ഒടുവിലത്തേതാണ് മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതി. ഉണ്ണി മുകുന്ദൻ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ചങ്ങനാശേരി സ്വദേശിയായ വിപിന്റെ പരാതി. താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഉണ്ണി മുകുന്ദൻ മർദ്ദിച്ചു. തനിക്ക് മറ്റൊരു താരം സമ്മാനിച്ച കൂളിംഗ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു. കുതറിയോടിയപ്പോൾ പിറകെയെത്തി. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ടൊവിനോ നായകനായ 'നരിവേട്ട' സിനിമയെ പ്രശംസിച്ച് താൻ പോസ്റ്റിട്ടതാണ് ഉണ്ണിക്ക് പ്രകോപനമായതെന്നും വിപിൻ പറയുന്നുണ്ട്. തുടർന്ന് കൊച്ചി ഇൻഫോപാർക്ക് പൊലീസ് ഉണ്ണിയെ പ്രതിയാക്കി കേസെടുത്തു. എന്നാൽ വിപിൻകുമാറിനെ തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ പ്രതികാരമാണ് ഈ കേസെന്നാണ് ഉണ്ണിയുടെ വിശദീകരണം. ആരേയും മർദ്ദിച്ചിട്ടില്ല. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നടൻ കോടതിയിൽ വാദിച്ചു.

ഈഗോയും മുതലെടുപ്പും

ഉണ്ണി മുകുന്ദനെതിരേ മുൻ മാനേജർ നൽകിയ പരാതി, സിനിമാരംഗത്ത് ചേരിതിരിഞ്ഞുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. ഉണ്ണി മുകുന്ദൻ തന്നെ വിശദീകരണക്കുറിപ്പിറക്കി. തന്റെ വർക്കുകളെ ബാധിക്കുന്ന വിധത്തിൽ വിപിൻ കുപ്രചാരണങ്ങൾ നടത്തിയെന്നാണ് ഉണ്ണി പറയുന്നത്. താൻ അഞ്ചുവർഷത്തേക്ക് വളരെ തിരക്കിലാണെന്ന് ഈ വ്യക്തി പലരോടും പറഞ്ഞു. മനുഷ്യത്വരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. ഒരു നടിയെ കണ്ട് ഉണ്ണിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഇത് ഞങ്ങൾ തമ്മിൽ വലിയ വഴക്കിന് ഇടയാക്കി. തന്നെ അപകീർത്തിപ്പെടുത്താൻ തന്റെ സ്രോതസ്സുകൾ ഉപയോഗിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഈ വ്യക്തി അങ്ങേയറ്റം വിഷലിപ്തമാണ്. പറയുന്ന ഓരോ വാക്കും തികഞ്ഞ നുണയാണ്... ഇങ്ങനെ പോകുന്നു ഉണ്ണി മുകുന്ദന്റെ ആരോപണങ്ങൾ.

ഇക്കാര്യത്തിൽ ഉണ്ണിയെ പിൻതുണച്ച് പലരും രംഗത്തെത്തി. വിപിൻകുമാറിന് അടി കിട്ടേണ്ടതു തന്നെയായിരുന്നുവെന്ന് സംവിധായകൻ ജയൻ വന്നേരി ഫേസ്ബുക് പോസ്റ്റിട്ടു. ഉണ്ണിയെ നായകനാക്കി ഒരു ബിഗ് ബ‌ജറ്റ് സിനിമ ചെയ്യാൻ മുമ്പ് തീരുമാനിച്ചിരുന്നു. പ്രൊഡ്യൂസറും ഉണ്ടായിരുന്നു. എന്നാൽ കഥ കേട്ട വിപിൻ, നടനെ ഇക്കാര്യമറിയിക്കാതെ കുറേക്കാലം വട്ടുകളിപ്പിച്ചുവെന്നാണ് സംവിധായകൻ ആരോപിച്ചത്. അതിനാൽ നിർമ്മാതാവ് പിൻവാങ്ങി. പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നുവെന്നും ജയൻ പറയുന്നു. മേജർ രവിയും സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടു. ഉണ്ണി മുകുന്ദൻ കൈയേറ്റം ചെയ്തിട്ടുണ്ടാകില്ലെന്നാണ് മേജർ രവിയുടേയും പരാമർശം. ഉണ്ണി പണ്ട് തന്നെ എടുത്തിട്ടടിച്ചെന്ന് പലരും പ്രചരിപ്പിച്ച കാര്യവും രവി ചൂണ്ടിക്കാട്ടി. ഏതായാലും വിപിൻകുമാറിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആരാണ് ശരിയെന്ന് വ്യക്തമാകേണ്ടതുണ്ട്.

വഴുതിപ്പോയ കേസുകൾ

കരിയറിന് ഏറ്റവും ദോഷകരമായേക്കാവുന്ന ഒരു കേസിൽ നിന്ന് ഉണ്ണി മുകുന്ദൻ തലയൂരിയത് രണ്ടുവർഷം മുമ്പാണ്. സിനിമയുടെ കഥപറയാനായി മുറിയിലെത്തിയ തന്നെ ഉണ്ണി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ ഉണ്ണി വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. അപ്പീലിനിടെ, നടന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് വലിയ വിവാദമുണ്ടായി. ഒടുവിൽ ഇരയുമായി വിഷയം ഒത്തുതീർപ്പാക്കി വലിയ പ്രശ്നത്തിൽ നിന്ന് ഉണ്ണി രക്ഷപ്പെടുകയായിരുന്നു.

ഹിറ്റായ 'മാളികപ്പുറം' സിനിമയെ വിമർശിച്ച് പോസ്റ്റിട്ട യുട്യൂബറെ തെറിവിളിച്ചതും ഉണ്ണിയെ നേരത്തേ വിവാദത്തിലാക്കിയിരുന്നു. സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനൽ നടത്തുന്ന സായ്‌കൃഷ്ണയുമായാണ് നടൻ കൊമ്പുകോർത്തത്. യൂട്യൂബറും നടനും തമ്മിൽ സംസാരിക്കുന്ന അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. യുട്യൂബർ ഉണ്ണിയെ 'സമാജം സ്റ്റാർ' എന്ന് വിശേഷിപ്പിച്ചതും പ്രകോപനമായിരുന്നു. എന്നാൽ വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയില്ല. പതിവ് പ്രശ്നക്കാരനെന്ന ലേബൽ നടന് ചാർത്തിക്കിട്ടുന്നുണ്ടെന്നർത്ഥം.

താരപരിവേഷമുള്ളവർക്കൊപ്പം വിശ്വസ്തരും വിശ്വസ്തത നടിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാനുള്ള തിരക്കിട്ട യാത്രകൾക്കിടെ ഉപജാപകരെ തിരിച്ചറിയാൻ ചിലപ്പോൾ നായകനോ നായികയ്ക്കോ കഴിഞ്ഞെന്നു വരില്ല. താരത്തിന്റെ പേരിൽ അവർ പല മുതലെടുപ്പുകളും നടത്തും. ഒടുവിൽ താരം തന്നെ ഉത്തരം പറയേണ്ടിയും വരും. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഇത്തരം കാര്യങ്ങളിൽ തികഞ്ഞ സംയമനം പാലിക്കുന്നവരാണ്. അതുകൊണ്ടാണ് 40 വർഷത്തിലധികമായി അവർ സ്ക്രീനിലെ നിറസാന്നിദ്ധ്യമാകുന്നത്. പെട്ടെന്ന് പ്രകോപിതരായി പലവിധ കെണികളിൽപ്പെടുന്ന യുവതാരങ്ങൾക്ക് കുറഞ്ഞപക്ഷം ഇവരുടെ ഡെഡിക്കേഷനും നിതാന്ത ജാഗ്രതയും കരിയറിൽ മാതൃകയാക്കാവുന്നതാണ്.

TAGS: UNNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.