കുട്ടനാട് : ഇന്നലെ പുലർച്ചെ മുതൽ പെയ്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ഒറ്റദിവസംകൊണ്ട് ഒന്നരയടിയേലേറെ വെള്ളമാണ് പല സ്ഥലത്തും ഉയർന്നത്.. മിക്ക പഞ്ചായത്തുകളിലെയും വലുതും ചെറുതുമായ പ്രധാന റോഡുകളും വഴികളുമെല്ലാം വെള്ളത്തിലാണ്.
രാമങ്കരി പഞ്ചായത്തിലെ വേഴപ്ര കുഴിക്കാല, പുതവൽ പട്ടികജാതിഗ്രാമം, പള്ളിക്കൂട്ടുമ്മ അരികോടിച്ചിറ, ഊരുക്കരി അഞ്ചുമനയ്ക്കൽ ഗ്രാമം, വേഴപ്ര മുന്നൂറുംചിറഗ്രാമം, ചമ്പക്കുളം പഞ്ചായത്ത് കുരിക്കോട ഗ്രാമം, ഒന്നാങ്കര എ.സി ഗ്രാമം, എഴുകാട് ഗ്രാമം, പുളിങ്കുന്ന് പഞ്ചായത്ത് അറുപതുംചിറഗ്രാമം എന്നിവിടങ്ങളിലെല്ലാം നിരവധി കുടുംബങ്ങളാണ് വെള്ളത്തിലായത്. . ഇവർ ഏത് സമയവും വീട് ഒഴിഞ്ഞുപോകേണ്ടിവരും.
വെള്ളപ്പൊക്കം രൂക്ഷമായ രാമങ്കരി, കൈനകരി പഞ്ചായത്തുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രാമങ്കരിയിൽ രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിലും കൈനകരിയിൽ കൈനകരി സെന്റ് മേരീസ് ഹൈസ്ക്കൂളിലുമായാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുളളത്.
രണ്ടുക്യാമ്പുകളിലുമായി പന്ത്രണ്ട് കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചു. കൈനകരിയിൽ ക്യാമ്പിന് പുറമെ കൈനകരി വടക്ക് വില്ലേജ് നേതൃത്വത്തിൽ ഒരു കഞ്ഞിവീഴ്ത്തൽ കേന്ദ്രവും തുറന്നു. ഇവിടെ 250 ഓളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എ.സി റോഡിൽ വെള്ളംകയറി
കോടികൾ മുടക്കി പുനർനിർമ്മിച്ച എ. സി റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് കിഴക്ക് ഭാഗത്ത് വെള്ളം നിറഞ്ഞതിന് പുറമെ കുട്ടനാട്ടിലെ മറ്റു പ്രധാന റോഡുകളായ മങ്കൊമ്പ് -ചമ്പക്കുളം , മാമ്പുഴക്കരി- എടത്വ , മങ്കൊമ്പ് വികാസ് മാർഗ് റോഡ് മാമ്പുഴക്കരി ബ്ലോക്ക് റോഡ്, മുട്ടാർ- നീരേറ്റുപുറം തുടങ്ങിയവയും വെള്ളത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |