തൃശൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ലെങ്കിലും പാലിയേക്കര ടോൾ പിരിവ് നിറുത്തലാക്കാതിരിക്കാൻ ഭരണകൂടത്തെ കൈയിലെടുക്കാനുള്ള നീക്കത്തിലാണ് ദേശീയ പാത അതോറിറ്റി. നിലവിൽ വേണ്ടത്ര ആസൂത്രണമില്ലാതെ ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയും ദേശീയപാത 544ലെ അടിപ്പാതകളുടെ നിർമ്മാണം തുടങ്ങി വാഹനങ്ങളെ കുരുക്കിലാക്കിയ നിലയിലാണ്. കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ നടപടികളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ഉറപ്പിലാണ് വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനി അനുമതി തേടുക. എന്നാൽ മഴ കൂടി പെയ്തതോടെ എല്ലാ ഉറപ്പുകളും വെള്ളത്തിലായി. വൻകുരുക്ക് മൂലം രണ്ട് തവണ കളക്ടർ അർജുൻ പാണ്ഡ്യൻ പാലിയേക്കരയിലെ ടോൾ പിരിക്കുന്നത് താത്കാലികമായി നിറുത്തി. എന്നാൽ രണ്ട് തവണയും സർക്കാർ തലത്തിൽ ഇടപെട്ട് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ടോൾ നിറുത്തലാക്കിയ ഉത്തരവ് പിൻവലിപ്പിച്ചു.
പുതുവഴി തേടി അതോറിറ്റി
സർവീസ് റോഡിലേക്ക് കടക്കും മുമ്പ് വാഹനങ്ങളെ തരം തിരിച്ച് വിട്ടാൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമോയെന്ന പരീക്ഷണത്തിലാണ് ദേശീയപാത അതോറിറ്റിയും പൊലീസും. കുരുക്ക് ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കളക്ടർ അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കും മുമ്പ് ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളുമായി തരംതിരിച്ചുവിടും. ഇതിനായി ബാരിക്കേഡ് വയ്ക്കും.
സർവീസ് റോഡുകൾ തകർന്നു
മൂന്നുവരിയിലൂടെയും രണ്ട് വരിയിലൂടെയും വരുന്ന വാഹനങ്ങൾ ഒറ്റ വരി സർവീസ് റോഡുകളിലൂടെ സഞ്ചരിച്ച് തുടങ്ങിയതോടെ റോഡുകൾ പലതും തകർന്നു. മഴ പെയ്തതോടെ റോഡുകളൊക്കെ കുഴികളായി. ഇതുമൂലം ഭാരവാഹനങ്ങൾ കുഴികളിൽ വീണ് തകരാർ സംഭവിക്കുന്നതും പതിവായി. ഓരോ സർവീസ് റോഡിലും ക്രെയിനുകൾ കൂടി ഏർപ്പെടുത്തിയാലേ ഇത്തരം പ്രശ്‌നം പരിഹരിക്കാനാകൂവെന്ന് ഡ്രൈവർമാർ വ്യക്തമാക്കി.
അടിപ്പാതകളുടെ നിർമ്മാണം കഴിയും വരെയോ ഗതാഗതക്കുരുക്കിന് പരിഹാരം കാണും വരെയോ പാലിയേക്കരയിൽ ടോൾ നിറുത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി സർക്കാരിലേക്ക് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അർജുൻ പാണ്ഡ്യൻ
കളക്ടർ
തൃശൂർ.
അപ്രതീക്ഷിതമായി മഴയെത്തിയത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാലും പരമാവധി പണികൾ നടത്താനും ഗതാഗത കുരുക്ക് ഒഴിവാക്കാനുമുള്ള നടപടികളെടുക്കുന്നുണ്ട്.
ദേശീയപാത അതോറിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |