കോഴിക്കോട് : പരസ്യബോർഡുകളിൽ പേടി നിറച്ച് കോഴിക്കോട് നഗരം. പ്രധാന പാതയോരങ്ങളിൽ സ്ഥാപിച്ച പല ബോർഡുകളും ഇപ്പോൾ വീഴുമെന്ന അവസ്ഥയിലാണ്. യാതൊരു മാനദണ്ഡവുമില്ലാതെ കൂറ്റൻ പരസ്യബോർഡുകൾ നഗരത്തിലങ്ങോളം പൊങ്ങുമ്പോൾ ആരാണ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യം ബാക്കിയാവുന്നു.
ഇന്നലെ പുലർച്ചെ ദേശീയപാതയിൽ മൊകവൂർ ഭാഗത്ത് കൂറ്റൻ പരസ്യബോർഡ് നിലംപൊത്തിയിരുന്നു. വൈദ്യുതി ലൈൻ തകർത്ത് സർവീസ് റോഡിലേക്ക് വീണ പരസ്യബോർഡിനുള്ളിൽ കുരുങ്ങി ആർക്കും അപകടമുണ്ടായില്ലെന്നത് ഭാഗ്യം. സംഭവം പുലർച്ചെ നാലിനായതിനാൽ റോഡിൽ കൂടുതൽ വാഹനങ്ങളുണ്ടായിരുന്നില്ല. ഉച്ചയോടെയാണ് ബോർഡ് റോഡിൽ നിന്ന് നീക്കിയത്. കൂറ്റൻ ബോർഡ് റോഡിൽ നിന്ന് മാറ്റാൻ മണിക്കൂറുകൾ എടുത്തതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുൾപ്പെടെ കൂറ്റൻ പരസ്യബോർഡുകളുണ്ട്. കാലവർഷം നേരത്തെ എത്തുകയും കാറ്റും മഴയും ശക്തിയാവുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം പരസ്യ ബോർഡുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പരസ്യ ബോർഡ് സ്ഥാപിച്ചാൽ സ്ഥലമുടമയ്ക്കും ഏജൻസിക്കും ലക്ഷങ്ങളാണ് വരുമാനം. പരസ്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വലിയ പബ്ലിസിറ്റി. ഭീതിയാകുന്നത് പൊതുജനത്തിന് മാത്രമാണ്. ആറ് ദിവസം മുമ്പ് തൃശൂരിൽ കൂറ്റൻ പരസ്യബോർഡ് വീണിരുന്നു.
നഗരം നിറയെ കൂറ്റൻ ബോർഡുകൾ
പുതിയ ബസ് സ്റ്റാൻഡ് പരിസരം, നടക്കാവ്, എരഞ്ഞിപ്പാലം, തൊണ്ടയാട്, വെസ്റ്റ്ഹിൽ, രാമനാട്ടുകര- വെങ്ങളം ആറുവരിപ്പാത തുടങ്ങി വിവിധയിടങ്ങളിലായി പടുകൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ സ്ഥലങ്ങളിൽ യാതൊരു അനുമതിയുമില്ലാതെ സ്ഥാപിച്ചവയാണ് മിക്കവയും.
''ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമാവുന്നത്. തീപിടിത്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും അപകടാവസ്ഥയിലുള്ള പരസ്യ ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ നടപടിയുണ്ടാകും.
- പി.സി രാജൻ, കോഴിക്കോട് കോർപ്പറേഷൻ
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |