റാന്നി : ശക്തമായ കാറ്റിൽ ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. റോഡരികിൽ നിന്ന ലോട്ടറി കച്ചവടക്കാരന് നിസാര പരിക്കേറ്റു. ഇടമുറി ചണ്ണംകുളത്ത് സുരേഷിനാണ് പരിക്ക്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരങ്ങൾ വീണ് അഞ്ച് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ബന്ധവും തകരാറിലായി. മണിക്കൂറുകളോളം ഗതാഗതം നിലച്ചു.
ഇന്നലെ രാവിലെ 10.30 ഓടെ ശക്തമായ മഴയ്ക്കൊപ്പം കാറ്റ് വീശിയടിക്കുകയായിരുന്നു. അങ്ങാടി - വലിയകാവ് റോഡിനെയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ഇട്ടിയപ്പാറ പഴയ ബൈപ്പാസ് റോഡിലേക്കാണ് വശത്ത് നിന്ന അൽബീസിയ മരങ്ങൾ ഒടിഞ്ഞുവീണത്.
ഇട്ടിയപ്പാറ ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈപാസ് റോഡിലെ ഗതാഗതം നിലച്ചതോടെ വാഹനങ്ങൾ ടൗണിലൂടെയാണ് ഇരുവശത്തേക്കും കടന്നു പോയത്. അങ്ങാടി കണ്ടനാട്ട് തോമസ് കെ.ഏബ്രഹാമിന്റെ പുരയിടത്തിൽ നിന്ന 6 വർഷം പ്രായമായ 300 ഓളം അൽബീസിയ മരങ്ങളാണ് ഒടിഞ്ഞുവീണത്. പത്തുലക്ഷം രൂപയിൽ അധികം നഷ്ടം കണക്കാക്കുന്നു. ചുഴലിക്കാറ്റ് പോലെ ഈ ഭാഗത്ത് മാത്രമായി കാറ്റ് വീശിയടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ എസ് ഇ ബിക്ക് 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
ഒരാൾക്ക് പരിക്ക്, കെ.എസ്.ഇ.ബിക്ക്
അഞ്ചു ലക്ഷം രൂപയുടെ നഷ്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |