എഴുകോൺ: കൂറ്റൻ പ്ലാവും തെങ്ങും വൈദ്യുതി ലൈനിലേക്ക് കടപുഴകിയതിനെ തുടർന്ന് ഒടിഞ്ഞ പോസ്റ്റ് ഓടുന്ന കാറിന് മുകളിലേക്ക് വീണു. കെ.എസ്.ഇ.ബി ജീവനക്കാരിയായ യാത്രക്കാരി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
കണ്ണനല്ലൂർ 33 കെ.വി സബ് സ്റ്റേഷനിലെ ഓപ്പറേറ്റർ പെരുമ്പുഴ പുനുക്കന്നൂർ ദേവാങ്കണത്തിൽ അശ്വതിയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15ന് ഇടയ്ക്കിടം ഗുരുനാഥൻ മുകൾ ഇടവഴിവിള ഭാഗത്താണ് സംഭവം.
വീശിയടിച്ച കാറ്റിൽ ഇടവഴിവിള ലളിതയുടെ പുരയിടത്തിലെ പ്ലാവും തെങ്ങുമാണ് ലൈനിലേക്ക് വീണത്. ഒന്നിന് പുറകെ ഒന്നായി ഏഴ് പോസ്റ്റികളാണ് ഒടിഞ്ഞത്. ഇതിൽ ഒരു പോസ്റ്റാണ് അശ്വതി ഓടിച്ചിരുന്ന കാറിന് മുകളിലേക്ക് വീണത്. ഡ്രൈവർ സീറ്റിന് നേരെ മുകളിലാണ് പോസ്റ്റ് പതിച്ചത്. മുൻവശത്തെ ചില്ല് തകർന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമ്പലപ്പുറം സബ്സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു അശ്വതി.
കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. രാത്രി വൈകിയും വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനുള്ള ജോലികൾ നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |