കൊല്ലം: പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന നൃത്തപഠനം കോളേജിലെത്തിയപ്പോൾ അദീനയ്ക്ക് അടക്കിവയ്ക്കാനായില്ല. കൂടെയുണ്ടായിരുന്നു നൈനികയും ആർച്ചയും. മത്സര ബുദ്ധിയോടെ പഠിച്ചു. വേദിയിലെത്തിയപ്പോൾ അദീനയ്ക്ക് മുന്നിൽ മത്സരിക്കാൻ ആരുമുണ്ടായിരുന്നില്ല. ഭരതനാട്യത്തിൽ മികവോടെ ഒന്നാം സ്ഥാനം.
കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ആകെ ഒരാൾ മാത്രമാണ് മത്സരിച്ചത്. പേര് അദീന. തിരുവനന്തപുരത്തെ മുസ്ളീം കുടുംബത്തിലെ ആൺകുട്ടി. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബി.എ മലയാളം വിദ്യാർത്ഥിനി!. ഉമ്മയും സഹോദരനും സഹോദരിയുമുണ്ട്. പൂജപ്പുര നല്ലത്ത് റോഡ് ചെങ്കളൽ മണിവിളാകത്ത് വീട്ടിൽ താമസം.
ഏഴാം ക്ളാസ് വരെ നൃത്തം പഠിച്ചു. പിന്നീട് നിറുത്തേണ്ടി വന്നു. അപ്പോഴേക്കും അദീനയുടെ മനസിലെ ആൺകുട്ടി പരുവപ്പെട്ടു തുടങ്ങി. പുരുഷ ശരീരവും സ്ത്രീ മനസുമായി മുന്നോട്ടു നീങ്ങാനാവില്ലെന്ന ബോദ്ധ്യത്തിൽ മനസ് ഉറച്ചു. വീട്ടിൽ കാര്യങ്ങൾ പറഞ്ഞു. എതിർപ്പുണ്ടായില്ല. പ്ളസ്ടുവും കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോഴാണ് അദീനയുടെ ജിവിതം അടുത്ത ട്രാക്കിലേക്ക് മറിയത്. നൈനിക ട്രാൻസ് ജെൻഡറാണ്. ആർച്ച ബിരുദ വിദ്യാർത്ഥിനിയും. ഇവരുമായുള്ള പരിചയപ്പെടലാണ് അദീനയുടെ ആശ്വാസ നാളുകൾക്ക് തുടക്കമായത്.
കോളേജിൽ നടക്കുന്ന മത്സരങ്ങളിൽ ആദ്യമൊക്കെ അദീന സദസിലിരുന്നു. തന്റെ ഉള്ളിലെ നർത്തകിയെപ്പറ്റി ആർച്ചയോടും നൈനികയോടുമൊക്കെ സംസാരിച്ചപ്പോഴാണ് സദസിൽ നിന്ന് വേദിയിലേക്കെത്താൻ വഴിയൊരുങ്ങിയത്. ഇതിനോടകം ട്രാൻസ് സർജറിയും കഴിഞ്ഞിരുന്നു. വീട്ടുകാർ തന്നെയാണ് ശസ്ത്രക്രിയയ്ക്കുള്ള പണം മുടക്കിയത്. ഇനിയുള്ള ജീവിതത്തെപ്പറ്റി അദീനയ്ക്ക് നല്ല ബോദ്ധ്യമുണ്ട്. നൃത്തപഠനം തുടരണം. ഒപ്പം കോളേജ് പഠനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |