കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ രണ്ടുവർഷം തടഞ്ഞുവച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത് മൗലികാവകാശ ലംഘനമാണ്. ആനുകൂല്യങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പെൻഷൻ ആനുകൂല്യങ്ങളുടെ പലിശസംബന്ധിച്ച് സിസയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കാമെന്ന് നിർദ്ദേശിച്ച് ഹർജി തീർപ്പാക്കി.
ചാൻസലറായ അന്നത്തെ ഗവർണർ നിർദ്ദേശിച്ച പദവി ഏറ്റെടുത്തതിന്റെ പേരിലാണ് സർക്കാർ സിസയെ ഉപദ്രവിച്ചതെന്ന് കോടതി വിമർശിച്ചു. ഹർജിക്കാരിക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്കനടപടികൾ ഹൈക്കോടതി നേരത്തേ റദ്ദാക്കിയതാണ്. കോടതി നടപടികളും നിലവിലില്ല. സർവീസ് കാലത്ത് സാമ്പത്തിക ബാദ്ധ്യതയില്ലെന്നും പരിശോധിച്ച് വ്യക്തമായതാണ്.
അച്ചടക്കനടപടിയോ കേസുകളോ ഇല്ലാത്തപക്ഷം സർക്കാരിന് പെൻഷൻ തടയാനാകില്ലെന്നാണ് കേരള സർവീസ് ചട്ടങ്ങളും പറയുന്നതെന്ന് കോടതി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സിസയ്ക്കുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം ഹാജരായി. സാങ്കേതിക വിഭ്യാഭ്യാസ വകുപ്പിൽനിന്ന് 2023 മാർച്ച് 31നാണ് സിസ വിരമിച്ചത്. ചാൻസലറുടെ നിർദ്ദേശപ്രകാരം സാങ്കേതിക സർവകലാശാലയിൽ താത്കാലിക വി.സിയുടെ ചുമതലയും അന്ന് വഹിച്ചിരുന്നു.
'ഉപദ്രവം, തികഞ്ഞ അനീതി"
1.ചാൻസലറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിലുള്ള ഉപദ്രവമാണ് സിസയ്ക്കെതിരെ ഉണ്ടായതെന്ന് ഹൈക്കോടതി
2.ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥയ്ക്ക് നേരിട്ട തികഞ്ഞ അനീതി അവഗണിക്കാനാകില്ല
3.പെൻഷൻ ആനുകൂല്യങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. നിയമപരമായ കാരണങ്ങളില്ലാതെ നിഷേധിക്കാനാകില്ല
വിരമിക്കൽ വേള
സംഭവബഹുലം
സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിന് അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സാങ്കേതിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. തുടർന്ന് സർക്കാർ ഇവരെ പത്തനംതിട്ടയ്ക്ക് സ്ഥലംമാറ്റി. വിരമിക്കൽ വർഷത്തെ സ്ഥലംമാറ്റം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. തുടർന്ന് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി മാറ്റിനിയമിച്ചു. ഇവിടെ നിന്നാണ് വിരമിച്ചത്. ആ സമയത്ത് കെ.ടി.യു താത്കാലിക വി.സിയുടെ ചുമതലയുമുണ്ടായിരുന്നു. ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയിൽ താത്കാലിക വി.സിയുടെ ചുമതലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |