ഒരു കാലത്ത് മനുഷ്യനെ ആക്രമിച്ചു ഭക്ഷിക്കുന്നതിന് കുപ്രസിദ്ധി നേടിയിരുന്ന ഹെൻറി എന്ന മുതല ഇന്ന് ശാന്തസ്വഭാവക്കാരനാണ്. മൂന്നു പതിറ്റാണ്ടായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബർഗിലുള്ള ക്രോക്ക്‌വേൾഡ് കൺസർവേഷൻ സെന്ററിലാണ് ഹെൻറിയുടെ വാസം. 700 കിലോയോളം ഭാരവും 16 അടി നീളവുമുള്ള ഹെൻറി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുതലയാണ്, വയസ് 124. കഴിഞ്ഞ ഡിസംബറിൽ ഹെൻറിയുടെ ജന്മദിനവും ക്രോക്ക്‌വേൾഡിൽ ആഘോഷിച്ചിരുന്നു. ശരാശരി 35 മുതൽ എഴുപത് വയസുവരെയാണ് മുതലകളുടെ ആയുസെങ്കിലും ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായിരിക്കുന്ന ഹെൻറി ആളുകൾക്കും കൗതുകമാണ്. ആറ് ഇണകളിൽ നിന്നായി പതിനായിരത്തിലധികം കുഞ്ഞുങ്ങൾ ഹെൻറിക്ക് ഉണ്ടെന്നും വാദമുണ്ട്.
1900 ഡിസംബറിലാണ് ഹെൻറിയുടെ ജനനം. ആദ്യകാലങ്ങളിൽ ബോട്സ്വാനിയിലെ പ്രാദേശിക ഗോത്രങ്ങൾക്കിടയിലെ മനുഷ്യരെ ഉൾപ്പെടെ ഭക്ഷണമാക്കിയിരുന്നു. മുതലയുടെ ശല്യം വർദ്ധിച്ചതോടെ ഗോത്രവർഗക്കാർ പ്രശസ്ത വേട്ടക്കാരനായ സർ ഹെൻറി ന്യൂമാന്റെ സഹായം തേടി. മുതലയെ കൊല്ലുന്നതിനുപകരം, പിടികൂടി ആജീവനാന്ത തടവിനും വിധിച്ചു. അദ്ദേഹത്തിന്റെ പേരാണ് പിന്നീട് മുതലയ്ക്കും നൽകിയത്. ക്രോക്ക്‌വേൾഡിലെ അന്തരീക്ഷവും പരിചരണവുമാണ് ദീർഘായുസ്സിന് കാരണമെന്നാണ് വിലയിരുത്തൽ. ഹെൻറി ഏറ്റവും പ്രായം കൂടിയ മുതലയാണെങ്കിലും, ഏറ്റവും വലുത് ഓസ്‌ട്രേലിയയിലുള്ള 18 അടിയോളം നീളമുള്ള ഉപ്പുവെള്ള മുതലയായ കാസിയസിന്റേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |