അഹമ്മദാബാദ്: 260 പേരുടെ മരണത്തിനിടയായ അഹമ്മദാബാദ് എയർഇന്ത്യ അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിൽ എഞ്ചിനിൽ ഇന്ധനം എത്തിക്കാനുള്ള ഫ്യുവൽ സ്വിച്ച് ഓഫായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അബദ്ധത്തിൽ പോലും ഓഫാകാത്ത സ്വിച്ചാണ്. ഇതേ പ്രശ്‌നം ബോയിംഗിന്റെ മറ്റൊരു മോഡൽ വിമാനത്തിലും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ വിവരം പുറത്തുവരുന്നത്. 2018ൽ ബോയിംഗ് 737 ജെറ്റുകളിലെ ഫ്യുവൽ സ്വിച്ചിൽ ചില പ്രശ്‌നങ്ങളുള്ളതായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌എഎ) ചൂണ്ടിക്കാണിച്ചിരുന്നു.
2018 ഡിസംബറിൽ എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (എഐബി) ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കിയിരുന്നു. ചില ബോയിംഗ് 737 ജെറ്റ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം പ്രവർത്തനരഹിതമായിരുന്നു എന്നാണ് ഇതിലുള്ളത്. റിപ്പോർട്ട് ഔദ്യോഗികമായ നിർദ്ദേശം അല്ലാത്തതിനാൽ വിമാനങ്ങളിലെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എയർഇന്ത്യ അന്ന് നടപടിയെടുത്തില്ല.
അഹമ്മദാബാദ് അപകടത്തിന് കാരണമായ 787-8 ജെറ്റ് വിമാനങ്ങളിലും ഇതേ സ്വിച്ച് ഡിസൈനാണ് പിന്തുടരുന്നത്. വിമാനം സ്റ്റാർട്ട് ചെയ്യാനോ ഓഫ് ചെയ്യാനോ ഗ്രൗണ്ടിൽ വച്ച് പൈലറ്റ് ഈ സ്വിച്ചുകൾ ഉപയോഗിക്കാറുണ്ട്. പറക്കലിനിടെ എഞ്ചിൻ തകരാറുണ്ടായാലും ഇവ ഓഫ് ചെയ്‌ത് ഓൺ ചെയ്യാറുണ്ട്. അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിലെ ഫ്യുവൽ സ്വിച്ച് റൺ എന്നതിൽ നിന്ന് കട്ട്‌ഓഫ് എന്ന ഭാഗത്തേക്ക് തിരിച്ച നിലയിലായിരുന്നു. വിമാനം പറന്നുയർന്ന് മൂന്ന് സെക്കന്റുകൾക്കകമാണിത്.
വിമാനം പറപ്പിച്ചിരുന്ന പൈലറ്റുമാർക്ക് ആവശ്യത്തിലേറെ പരിശീലനം ലഭിച്ചിരുന്നതായും അതിനാൽ അവരെ സംശയിക്കാൻ കഴിയില്ല. ബോയിംഗിന്റെ സംവിധാനത്തിലെ തകരാറാണ് ഇത്തരത്തിൽ സ്വിച്ച് ഓഫാകാൻ കാരണമെന്ന് കരുതുന്നു. പൂർണമായ അന്വേഷണം നടന്നാൽ മാത്രമേ ഇതിന്റെ കാരണം വ്യക്തമാകൂ എന്നുമാണ് വ്യോമയാന മന്ത്രാലയം മുൻ ജോയിന്റ് സെക്രട്ടറി സനത് കൗൾ പറയുന്നത്. 15638 മണിക്കൂർ വിമാനം പറപ്പിച്ച പരിചയമുള്ള പൈലറ്റ് സുമീത് സബർവാളും(56), 3403 മണിക്കൂർ അനുഭവ പരിചയമുള്ള സഹ പൈലറ്റ് ക്ളൈവ് കുന്ദെറും (32) അപകടത്തിൽ മരിച്ചിരുന്നു. പ്ളെയിനിലെ ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിന്റെ പ്രശ്‌നം കാരണം സ്വിച്ച് ട്രിപ് ആയതാകാമെന്നും ചില അനുഭവപരിചയമുള്ളവർ സൂചിപ്പിക്കുന്നുണ്ട്. കൃത്യം ഒരുമാസം മുൻപ് ജൂൺ 12നാണ് നാടിനെ നടുക്കിയ അഹമ്മദാബാദ് ദുരന്തം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |