തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. ആര്യങ്കാവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പകരം ഏജന്റായിരുന്നു ഓഫീസിലിരുന്ന് രേഖകളിൽ സീൽ ചെയ്തത്. ലോറി ക്ലീനർമാർ ആർ.സി ബുക്കിനുള്ളിൽ പണം വച്ച് നൽകുന്നതും കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചവരെ നീണ്ടു.
പാലക്കാട് വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാഷ് കൗണ്ടറിലെ തുക ബിൽ പ്രകാരമുള്ള തുകയെക്കാൾ 20,000 രൂപ കുറവാണെന്ന് കണ്ടെത്തി. ഈ തുക കണ്ടെത്താനായി നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയിൽ നിന്നും 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽ പെടാത്ത 2500 രൂപയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ കളക്‌ഷൻ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോൾ കാഷ് കൗണ്ടറിൽ നിന്നു മാറ്റുന്നതിനാലാണ് ഇപ്രകാരം കുറവുവരുന്നതെന്നും ഡ്യൂട്ടി കഴിയുന്ന സമയത്ത് തുക ഒത്തുനോക്കി ബിൽ പ്രകാരമുള്ള തുക സർക്കാരിലേക്ക് അടയ്ക്കുകയും ബാക്കി വരുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥർ വീതിച്ചെടുക്കുകയും ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തി. വയനാട് തോൽപ്പെട്ടി മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 10,070 രൂപ കണ്ടെത്തി. ഈ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോൾ തന്നെ കൈക്കൂലിയായി കിട്ടാൻ സാദ്ധ്യതയുള്ള തുക മുൻകൂട്ടി കണ്ട്, ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂട്ടി എഴുതുന്നതായും വിജിലൻസ് കണ്ടെത്തി.
കൊല്ലം ആര്യങ്കാവ് മോട്ടോർവാഹന ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ഏജന്റ് മോട്ടോർ വാഹന ഓഫീസിലിരുന്ന് ബില്ലുകളിലും ജി.ഡി.ആറിലും സീൽ പതിച്ചു നൽകുന്നതായി ശ്രദ്ധയിൽപെട്ടു. ഇയാളിൽ നിന്ന് 5450 രൂപയും കണ്ടെത്തി. ഇവിടത്തെ വേയ് ബ്രിഡ്ജ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിടുന്നതായും വിജിലൻസ് കണ്ടെത്തി. ആര്യങ്കാവിൽ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ലോറി ക്ലീനർമാർ ആർ.സി ബുക്കിനകത്ത് 200 രൂപ മുതൽ 500 രൂപ വരെ വച്ച് നൽകുന്നതായും കണ്ടെത്തി. പാലക്കാട് ഗോവിന്ദാപുരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ വിശ്രമമുറിയിലെ ഓല ഷെഡിൽ തിരുകിയ നിലയിൽ 950 രൂപ കണ്ടെത്തി. തിരുവനന്തപുരം അമരവിള മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ പരസ്പരം ധാരണയിലെത്തിയശേഷം തുടർച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥർ ഈ ഓഫീസിൽ പരിശോധനകൾ നടത്തുന്നില്ലെന്നും ബോദ്ധ്യപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിനു കൈമാറും. ഓണത്തോടനുബന്ധിച്ച് വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |