തിരുവനന്തപുരം: അത്തപ്പൂക്കളമൊരുക്കുന്നത് കാണാനും ഓണാഘോഷത്തിൽ പങ്കുചേർന്ന് പായസം രുചിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പത്നി രേഷ്മ ആരിഫ്. കേരളത്തിൽ എത്തിയത് ഓണക്കാലത്തായതു കൊണ്ടുതന്നെ ഇനിയും ഇതുപോലെ ഓണപ്പരിപാടികളിൽ പങ്കെടുക്കാനുള്ള ആഗ്രഹവും ഗവർണറുടെ പത്നി പ്രകടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സലേഖയും ചേർന്നാണ് മത്സരം ഉദ്ഘാടനം ചെയ്തത്. മൂവരും സദസ്യർക്ക് ഓണാശംസ നേർന്നു. ഗവർണറുടെ പത്നിയുടെ ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇത്.
സെറ്റ് സാരിയണിഞ്ഞ് എത്തിയ വിശിഷ്ടാതിഥികളെ ചെണ്ടമേളത്തോടെയാണ് വരവേറ്റത്. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ അതിഥികൾക്ക് പായസവുമായി സംഘാടകർ എത്തി. കേരളത്തിന്റെ സ്വന്തം അടപ്പായസത്തിന്റെ രുചിയെക്കുറിച്ചും ഗവർണറുടെ പത്നിക്ക് നല്ല അഭിപ്രായം. കേരളത്തിലെ ഓണാഘോഷത്തിൽ ആദ്യമായി പങ്കെടുക്കുന്ന രേഷ്മ ആരിഫ് മത്സരാർത്ഥികൾ പൂക്കളമിടുന്നത് കൗതുകത്തോടെ നോക്കിക്കാണുകയും കുശലം ചോദിക്കുകയും ചെയ്തു. ആ സമയം മന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്ങോട്ടെത്തി. പരസ്പരം തൊഴുത് കേരളത്തിലെ ഓണാഘോഷം എങ്ങനെയുണ്ടെന്ന് മന്ത്രി ചോദിച്ചു. ഗംഭീരമാണ്, വലിയ സന്തോഷം, ഇനിയും കൂടുതൽ ഓണപ്പരിപാടികൾ കാണണമെന്ന ആഗ്രഹം അവർ മന്ത്രിയോട് പങ്കുവച്ചു. നഗരത്തിൽ നടക്കുന്ന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികൾ കാണാൻ മന്ത്രി ക്ഷണിച്ചു. തീർച്ചയായും പങ്കെടുക്കാമെന്നു പറഞ്ഞായിരുന്നു രാജ്ഭവനിലേക്കുള്ള ഗവർണറുടെ പത്നിയുടെ മടക്കം.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ മുപ്പതോളം ടീമുകൾ പങ്കെടുത്തു. മാദ്ധ്യമങ്ങൾക്കും പൊതു വിഭാഗത്തിനുമായി വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |