കോഴിക്കോട്: കോഴിക്കോട്ടു നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാംപ്രതി അസം സ്വദേശി ലാൽചാൻ ഷെയ്ഖിനെ (53) നല്ലളം പൊലീസ് ചിക്മംഗളൂരിൽ അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പ്രതികളായ നസീദുൽ ഷേഖ്, സുശീൽകുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാംപ്രതി നസീദുൽ ഷേഖ് (21) ചെറുവണ്ണൂർ ശാരദാമന്ദിരമെന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് 2023 ഒക്ടോബറിലാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ലൈംഗികവൃത്തിക്കായി ഹരിയാനയിലുള്ള ഇയാളുടെ പിതാവും കേസിലെ രണ്ടാം പ്രതിയുമായ ലാൽചാൻ ഷേഖിന് കൈമാറി. ലാൽചാൻ ഷേഖ് 25,000 രൂപയ്ക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതിയായ സുശീൽകുമാറിന് (35) വിറ്റു. സുശീൽകുമാറിന്റെ വീട്ടിൽ കൊണ്ടുപോയതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ലാൽചാൻ ഷെയ്ഖിനെ അന്വേഷിച്ച് നല്ലളം പൊലീസ് കഴിഞ്ഞ മാസം വീണ്ടും ആസാമിൽ പോയി.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽപോയ ഇയാളെ അന്വേഷിക്കുന്നതിനിടെ കർണാടകയിൽ ഒളിവിലാണെന്നറിഞ്ഞു. തുടർന്ന് മറ്റൊരു അന്വേഷണസംഘത്തെ കർണാടകയിലേക്കയച്ചു. വ്യാപകമായ അന്വഷണത്തിനൊടുവിലാണ് ചിക് മാംഗളൂർ ജില്ലയിലെ സിൻജിഗാനേഖാൻ കാപ്പിത്തോട്ടത്തിൽ നിന്ന് പിടികൂടിയത്. ഒന്നാംപ്രതി നസീദുൽ ഷേഖിനെ മുമ്പ് ആസാമിൽ നിന്ന് പിടികൂടി കോഴിക്കോട്ടേക്ക് കൊണ്ടുവരുമ്പോൾ ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിറുത്താറായപ്പോൾ ചാടി രക്ഷപ്പെട്ടു. തുടർന്ന് കഴിഞ്ഞമാസം വീണ്ടും ആസാമിൽ നിന്ന് പിടികൂടി. നല്ലളം പൊലീസ് ഇൻസ്‌പെക്ടർ സുമിതകുമാർ. കെ, എസ്.ഐമാരായ ശൈലേന്ദ്രൻ, സുനിൽകുമാർ, എ.എസ്.ഐ രാജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ സഫീൻ, രഞ്ജിത്ത്, റിജു, സൈബർ സെല്ലിലെ സ്കൈലേഷ്. വി എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |