തൃശൂർ: കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളേയും, രോഗങ്ങൾ പരത്തുന്ന പ്രാണികളേയും തിന്നൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന തവള ഇനങ്ങൾ വംശനാശഭീഷണിയിൽ. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള 181 തവളവർഗങ്ങളിൽ 77 ഇനവും (39.2%) വംശനാശഭീഷണിയിൽ ഉൾപ്പെടുന്ന ജീവികളുടെ ചുവന്ന പട്ടികയിലാണ്. 41% തവള ഇനങ്ങൾ ആഗോളതലത്തിൽ വംശനാശഭീഷണിയിലാണെന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ഗ്ലോബൽ അസെസ്‌മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തവള പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കേരള വനഗവേഷണ കേന്ദ്രം. കാലം തെറ്റിയ മഴ, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നഷ്ടം, ജലമലിനീകരണം, വാഹനപ്പെരുപ്പം തുടങ്ങിയവയാണ് തവളകളുടെ നാശത്തിന് കാരണം. വാഹനങ്ങൾ കയറിയും മറ്റും ഇവ കൂട്ടത്തോടെ ചാവുന്നതും പതിവാണ്. അതുകൊണ്ടു തന്നെ തവളസംരക്ഷണത്തിന് കാടിനു പുറത്തുള്ള ആവാസവ്യവസ്ഥകൾക്കും പ്രാധാന്യം കൊടുക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം.
കരുതലായി മൺസൂൺ ക്രോക്ക്‌സ്
തവളസംരക്ഷണ സർവേ തുടർച്ചയായി മൂന്നാം വർഷവും നടത്തുകയാണ് വനഗവേഷണകേന്ദ്രത്തിനു കീഴിലുള്ള സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സ്. 'മൺസൂൺ ക്രോക്ക്‌സ് ബയോബ്ലിറ്റ്‌സ്' മൺസൂൺ തുടങ്ങിയ 23 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് സർവേ.
പങ്കാളിയാകാം
തവളകളുടെയും വാൽമാക്രികളുടെയും ഫോട്ടോഗ്രാഫുകൾ, ശബ്ദങ്ങൾ എന്നിവ ഐനാച്ചുറലിസ്റ്റ് ആപ്പ് വഴി അപ്‌ലോഡ് ചെയ്ത് സർവേയിൽ പങ്കാളികളാകാം. വനപ്രദേശത്തിനകത്തും പുറത്തുമുള്ള തവളകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ നിരീക്ഷണങ്ങൾ പ്രയോജനപ്പെടും.
വംശനാശ ഭീഷണിയിൽ: ആനമുടി ഇലത്തവള, തീവയറൻ നീർചൊറിയൻ, മഞ്ഞക്കരയൻ പച്ചിലപ്പാറാൻ, പുള്ളിപ്പച്ചിലപ്പാറാൻ, പാതാളത്തവള, ഉത്തമന്റെ ഈറ്റത്തവള, കളക്കാട് പച്ചിലപ്പാറാൻ.
സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്ത് കാണാറുള്ളതും വംശനാശഭീഷണി നേരിടുന്നതുമായ പർപ്പിൾ , മലബാർ ടോറന്റ് , ആനമല ഗ്ലൈഡിംഗ് അടക്കമുളള തവളകളുടെ ആവാസവ്യവസ്ഥകൾ സർവേയിൽ തിരിച്ചറിയാം. തവളസംരക്ഷണത്തിനുളള നിർണായകമായ ആദ്യപടിയാണ് സർവേ.
ഡോ. പേരോത്ത് ബാലകൃഷ്ണൻ,വൈൽഡ് ലൈഫ് ബയോളജി വിഭാഗം മേധാവി,
കേരളവനഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |