'കണ്ടക ശനി കൊണ്ടേ പോവൂ' എന്നതാണ് ചൊല്ല്. അത് ആരെ, എപ്പോൾ, എങ്ങനെ കേറി വളയും എന്ന് പറയാനാവില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ യു.ഡി.എഫിന് ശനിദോഷമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ ഒരു കുറ്റവും പറയാനാവില്ല. കാരണം നേരത്തെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച്, നല്ല ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അങ്ങനെ വന്നാൽ ഒരു മുഖ്യമന്ത്രി വേണമെന്നും അതാരാവുമെന്നുമൊക്കെയുള്ള സ്വപ്നങ്ങളിൽ മുഴുകി കഴിഞ്ഞിരുന്ന യു.ഡി.എഫ് ക്യാമ്പ് നാലാമത്തെ ഉപതിരഞ്ഞെടുപ്പിലെ ഗംഭീര വിജയം ലക്ഷ്യമിട്ട് കഴിയുമ്പോഴാണ് ഓരോരോ തൊന്തരവുകൾ വരുന്നത്.
എൽ.ഡി.എഫിനോട് കുട്ടിയും കോലും കളിച്ച് തോറ്റമ്പിയ പി.വി. അൻവർ തങ്ങളുടെ വാതിൽ പഴുതിലൂടെ ഒളിഞ്ഞും തെളിഞ്ഞും നോക്കി നിന്നപ്പോൾ ഒരു ദഫ് മുട്ടിന്റെ ഉത്സാഹമായിരുന്നു യു.ഡി.എഫ് ക്യാമ്പിന്. പിണറായിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച അൻവറിന്റെ പോക്കറ്റിലുള്ള വോട്ടുകൾ കൂടി ചേർത്ത് കൂട്ടുമ്പോൾ ഭൂരിപക്ഷം എത്ര കവിയുമെന്ന സംശയം മാത്രമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പുത്തനച്ചിയുടെ നവഭാവത്തിലുള്ള കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും ലീഗിന്റെ സർവ്വസ്വവുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ഉണ്ടായിരുന്നുള്ളു. കളരി ആചാര്യൻ കെ. സുധാകര ഗുരുക്കൾക്കും ചെന്നിത്തല ഗാന്ധിക്കും അൻവറിനോട് അടങ്ങാത്ത വാത്സല്യവും. വിളക്കും കത്തിച്ചു വച്ച് രണ്ട് കൈയും നീട്ടി അൻവറിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുമ്പോഴാണ്, അദ്ദേഹത്തിന് പെട്ടെന്ന് ഒരു മനം പുരട്ടൽ. തന്റെ മനസിലുള്ള വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ മനക്കോട്ടയ്ക്ക് പിന്നിൽ, ജോയിയോടുള്ള സ്നേഹത്തേക്കാൾ, ആര്യാടൻ ഷൗക്കത്തിനോടുള്ള മമതക്കുറവാണ് മുഖ്യകാരണമായതെന്ന സത്യം നിലമ്പൂരുകാർക്ക് അറിയാം.
അൻവറിന്റെ ഉറപ്പിന്റെ വീര്യത്തിൽ മനപായസം തിളപ്പിച്ചുകൊണ്ടിരുന്ന യു.ഡി.എഫ് ക്യാമ്പിൽ പെട്ടെന്നാണ് മ്ളാനത പരന്നത്. വി.ഡി. സതീശന്റെ മുഖ്യകാർമികത്വത്തിൽ അൻവറിന് വഴങ്ങേണ്ടെന്ന തീരുമാനമെടുത്ത യു.ഡി.എഫിന് പുതിയ കെ.പി.സി.സി. ഭാരവാഹികളായ യുവതുർക്കികളും പുതിയ അദ്ധ്യക്ഷനും ഉഷാർ നൽകി. എന്നാൽ അൻവറിനെ പിണക്കിയാൽ ഉപതിരഞ്ഞെടുപ്പ് കൈവിട്ടു പോകുമെന്നും മുഖ്യമന്ത്രി കസേരയിൽ വീണ്ടും പിണറായി കയറി ഇരിക്കുമെന്നുമൊക്കെ സ്വപ്നത്തിൽ കണ്ട കെ. സുധാകരനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമൊക്കെ സതീശൻ സംഘത്തെ കണ്ണുരുട്ടി കാണിച്ചെങ്കിലും അവർ സമരസപ്പെട്ടില്ല. അൻവറിനുമുണ്ടായിരുന്നു അല്പം അയവ് വരുമെന്ന പ്രതീക്ഷ. പക്ഷെ എന്തുചെയ്യാം, എല്ലാം വടികുത്തി പിരിഞ്ഞു. എന്നാൽ പിന്നെ അരക്കൈ നോക്കാമെന്ന് അൻവറിനും തോന്നി. മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്രമണം നടത്തി അൻവർ അങ്ങനെ കത്തിക്കയറുമ്പോൾ നിലമ്പൂരിലെ കാറ്റ് യു.ഡി.എഫ് ഭാഗത്തേക്ക് വീശുമെന്ന് എല്ലാവർക്കും ചെറിയ പ്രതീക്ഷയുമായി.
പക്ഷെ എന്തു പറയാൻ, ഗുളികൻ നിൽക്കുന്ന സമയത്ത് നാവ് നാഗമായി മാറുമല്ലോ. നിർണ്ണായക ഘട്ടത്തിൽ നാവ് പിഴയുണ്ടായത് മറ്റാർക്കുമല്ല, രാഹുൽ ഗാന്ധിയുടെ ഉറ്റമിത്രവും വിശ്വസ്തനും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി ജനങ്ങളെ വശീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് പറഞ്ഞു വയ്ക്കാനാണ് കെ.സി. വേണുഗോപാൽ ഉദ്ദേശിച്ചതെങ്കിലും നാക്ക് ഒന്നു പിഴച്ചു. പെൻഷൻ എന്ന വാക്കിന് കൈക്കൂലി എന്നൊരു ഭേദഗതി വരുത്തിയേ ഉള്ളു. പക്ഷെ കാര്യങ്ങൾ വല്ലാതെ അങ്ങു കൈവിട്ടു. പി.വി. അൻവർ പിണറായി ആക്രമണം കടുപ്പിച്ചപ്പോൾ, സി.പി.എമ്മും എൽ.ഡി.എഫും കൈക്കൂലിയിൽ പിടിച്ച് യു.ഡി.എഫ് ആക്രമണം കൊഴുപ്പിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം പൂഴിക്കടകനാക്കാൻ അൻവർ കിണഞ്ഞ് അദ്ധ്വാനിച്ചെങ്കിലും കെ.സിയുടെ നാക്കുപിഴയിൽ കാര്യങ്ങൾ ഗതി മാറി. ഇതെല്ലാം കൂടി ചേർന്നതോടെയാണ് നിലമ്പൂരിലെ മത്സരത്തിന് യഥാർത്ഥ തിരഞ്ഞെടുപ്പ് പകിട്ട് കൈവന്നത്. അൻവറിനോടുള്ള നിർദ്ദാക്ഷണ്യ നിലപാടിന്റെ പേരിൽ വി.ഡി. സതീശനെ പ്രതിക്കൂട്ടിൽ കയറ്റി ക്രോസ് വിസ്താരം നടത്താൻ ഒരു വിട്ടു വീഴ്ചയും കാട്ടാതിരുന്ന യു.ഡി.എഫിന്, പ്രത്യേകിച്ച് ലീഗിന് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന മട്ടിലായി. സതീശനാവട്ടെ നടുവ് നിവർത്താനുള്ള ആശ്വാസവും.
പക്ഷെ ഇനിയാണ് കാര്യങ്ങളുടെ ക്ളൈമാക്സ്. വി.ഡി. സതീശന്റെ നിർദ്ദയ നിലപാടിനോ അൻവറിന്റെ പിണറായി നിഗ്രഹത്തിനോ ഇടതുപക്ഷത്തിന്റെ കൈക്കൂലി ആക്ഷേപത്തിനോ ഏതിനാണ് വോട്ടർമാരുടെ മനസിൽ ചലനമുണ്ടാക്കാൻ സാധിക്കുക എന്നതാണ് അറിയേണ്ടത്. നാമമാത്രമായ ദിവസങ്ങളാണ് ഇനി ശേഷിക്കുന്നത്. തങ്ങളാലാവും വിധം കളം കൊഴുപ്പിക്കാൻ എല്ലാവരും നോക്കുന്നുണ്ട്. ഇതിനിടെ പമ്മിയിരിക്കുന്ന ബി.ജെ.പിയുടെ മനസ് എന്താണെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആകാംക്ഷ. സ്വന്തം നിലയ്ക്ക് കരുത്തു കാട്ടാൻ ശ്രമിക്കുമോ ചാഞ്ഞും ചരിഞ്ഞും ആരെയെങ്കിലും സഹായിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് അറിയേണ്ടത്. ഏതായാലും അപ്രതീക്ഷിതമായി പൊട്ടിമുളച്ച നാക്കുപിഴകളാണ് നിലമ്പൂരിലെ മത്സരത്തെ ത്രസിപ്പിക്കുന്നത്. ഇവിടെ ആരു ജയിച്ചാലും അൻവറിന് ഒരു ക്രെഡിറ്റുണ്ടാവും. തോൽപ്പിച്ചത് തന്റെ മിടുക്കു കൊണ്ടെന്ന്. അൻവർ ഉദ്ദേശിക്കുന്നതും അതൊക്കെ തന്നെ.
ഇതുകൂടി കേൾക്കണേ
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്, തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ടിലേക്കും ചൂണ്ടുപലകയാവുമെന്നതാണ് നിലമ്പൂരിലെ നെട്ടോട്ടത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |