തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചു. എട്ടാംതീയതി രാവിലെ 7.40 നും 8.40 നുമിടയിലെ കുംഭാഭിഷേക ചടങ്ങുകളോടനുബന്ധിച്ചാണ് താഴികക്കുടങ്ങളുടെ പ്രതിഷ്ഠാപൂജകൾ.
ശ്രീകോവിലിനു മുകളിൽ മൂന്ന് സ്വർണ താഴികക്കുടങ്ങളും ഒറ്റക്കൽ മണ്ഡപത്തിനു മുകളിൽ ഒരെണ്ണവുമാണ് സ്ഥാപിക്കുന്നത്.
താഴികക്കുടങ്ങളുടെ പ്രതിഷ്ഠക്കൊപ്പം വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുന: പ്രതിഷ്ഠയും ശ്രീകോവിലിന്റെ സ്വർണം പൂശിയ വാതിലുകളുടെ സമർപ്പണവും നടത്തും. തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, യോഗത്തിൽ പോറ്റിമാർ, പുഷ്പാഞ്ചലി സ്വാമിയാർ എന്നിവരാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
2017 മാർച്ചിൽ സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധസമിതി ക്ഷേത്രനവീകരണം നിർദ്ദേശിച്ചിരുന്നു. ശയനമൂർത്തിയുടെ മൂലബിംബം മുതൽ വിവിധ ഘട്ടങ്ങളിലായുള്ള നവീകരണമായിരുന്നു ശുപാർശ. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,ചെറുവള്ളി ഈശ്വരൻ നമ്പൂതിരി,പഴങ്ങാപ്പുറം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരടങ്ങുന്ന സമിതി വിഗ്രഹങ്ങളിലെ കേടുപാടുകൾ കണ്ടെത്തിയിരുന്നു. ആദ്യഘട്ടമായി നാലുവർഷം മുൻപ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെള്ളിക്കൊടിമരം സ്ഥാപിച്ചു. ഇപ്പോൾ ശ്രീകോവിലിന് മുകളിൽ മൂന്ന് സ്വർണത്താഴികക്കുടങ്ങളും ഒറ്റക്കൽ മണ്ഡപത്തിന് മുകളിൽ ഒരു താഴികക്കുടവുമാണ് സ്ഥാപിക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും നടത്തും.
ദർശന സമയത്തിൽ മാറ്റം
കുംഭാഭിഷേകത്തിന്റെ ഭാഗമായി ദർശനസമയവും ക്രമീകരിച്ചു. നാളെ വരെ പുലർച്ചെ 3.30 മുതൽ 4.45വരെയും 6.30 മുതൽ 7 വരെയും 10.30ന് ശേഷവുമായിരിക്കും ദർശനം. വൈകിട്ട് 4.30 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയും ദർശനം നടത്താം.കുംഭാഭിഷേകം നടക്കുന്ന ഞായറാഴ്ച പുലർച്ചെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 6.45 വരെയുമാണ് ദർശനം. പിന്നീട് പ്രതിഷ്ഠാചടങ്ങുകൾക്ക് ശേഷമേ ദർശനമുണ്ടാവൂ. വൈകിട്ട് 4.30 മുതൽ 6 വരെയാണ് ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |