ഒരു വർഷത്തിലധികമായി ഒരു വി.ഇ.ഒ ഇല്ല
ആദിവാസികൾ ഉൾപ്പെടെ 37060 പേരുള്ള പഞ്ചായത്തിലുള്ളത് ഒരു വി.ഇ.ഒ മാത്രം
ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ജന്മൻ, തുടങ്ങിയ പദ്ധതികളെ സാരമായി ബാധിക്കും
മുതലമട: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്തും ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ളതുമായ മുതലമടയിൽ വി.ഇ.ഒയ്ക്ക് അമിത ജോലിഭാരം. 356 കിലോമീറ്റർ സ്വകയർ വിസ്തീർണമുള്ളതും 37060 പേരിലധികം ജനസാന്ദ്രയുള്ളതുമായ ഗ്രാമ പഞ്ചായത്തിൽ നിലവിലുള്ളത് ഒരു വി.ഇ.ഒ മാത്രം.
കേരളത്തിൽ ഏറ്റവും കൂടുതൽ അതിദാരിദ്രരുള്ള പഞ്ചായത്താണ് മുതലമട. 173 പേർ. ഇതിൽ 47 പേർ വീടുപോലും ഇല്ലാതെ ഷെൽട്ടർ വിഭാഗത്തിലാണുള്ളത്. അതിദാരിദ്രരും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരും ഉൾപ്പെടെ നിരവധി പേരുടെ ആനുകൂല്യങ്ങളും പദ്ധതികളുമാണ് വി.ഇ.ഒ തസ്തികയിൽ ആളില്ലാത്തത് മൂലം കാലതാമസം നേരിടുന്നത്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ ഉൾപ്പെടുന്നവർ പണി പൂർത്തീകരിച്ചാലും ഫണ്ട് ലഭിക്കാൻ വൈകുന്നത് ഗുണഭോക്താകൾക്ക് തിരിച്ചടിയാണ്. വി.ഇ.ഒയുടെ അഭാവമാണ് ഇതിന്റെ പ്രധാന കാരണം. തസ്തികകൾ നികത്തണമെന്നും ആദിവാസി വിഭാഗങ്ങൾക്കായി ഒരു സ്‌പെഷ്യൽ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ചൂണ്ടിക്കാണിച്ച ബഹുജന സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
തസ്തിക ഒഴിഞ്ഞു കിടക്കുന്നു
ജനസാന്ദ്രതയുടെയും പഞ്ചായത്തിന്റെ വിസ്തൃതിയുടെയും ആനുപാതികത്തിൽ മൂന്ന് വി ഇ.ഒയോ എങ്കിലും ആവശ്യമുള്ളിടത്താണ് ഒരാൾ ജോലി ചെയ്യുന്നത്. നിലവിൽ രണ്ട് വി.ഇ.ഒ തസ്തികളാണ് പഞ്ചായത്തിലുള്ളത്. ഒരെണ്ണം ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ തൊഴിലുറപ്പ് പദ്ധതി, റേഷൻ കാർഡ് മുൻഗണനയ്ക്കുള്ള സാക്ഷ്യപത്രം, വാർദ്ധക്യകാല പെൻഷൻ പദ്ധതികൾ, ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ, അതിദാരിദ്രർക്കുള്ള പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ കൈകാര്യം ചെയ്യേണ്ടത് വി.ഇ.ഒ ഉദ്യോഗസ്ഥനാണ്. ഇതുമൂലം ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ജന്മൻ, ജനറൽ വിഭാഗങ്ങളുടെ ഭവന പദ്ധതികൾ തുടങ്ങിയവയുടെ നടത്തിപ്പിന് കൂടുതൽകാലതാമസം നേരിടേണ്ടിവരുന്നുണ്ട്.
ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയില്ല
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തണമെന്നും കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജെ.ഡി ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നാളിതു വരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നിലവിലുള്ള ഉദ്യോഗസ്ഥർ പറയുന്നത്.
ജനസാന്ദ്രതയും വിസ്തൃതിയുമേറിയ പഞ്ചായത്തിൽ വി.ഇ.ഒ തസ്തികയിൽ ഉദ്യോഗസ്ഥരുടെ അഭാവം പൊതുജനങ്ങൾക്ക് തിരിച്ചടിയാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തിക നികത്തിയും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം.
എസ്. നിധിൻഘോഷ് മുതലമട, യുവജനതാദൾ (എസ്)ജില്ലാ കമ്മിറ്റിയംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |