കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുന്നു. പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ രണ്ട് ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. രണ്ടാഴ്ച മുമ്പ് സംസ്ഥാന കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ സ്ഥലം സന്ദർശിച്ചിരുന്നു. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡരികിലെ പുതുക്കുളം മുക്കോത്തിപ്പുന്നയ്ക്ക് സമീപമുള്ള രണ്ടേക്കർ സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. സ്പോർട്സ് കൗൺസിലിന്റെ ഒരു കോടി രൂപയും, എംഎൽഎ യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുകളും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സ്ഥലം കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഹോക്കി ഗ്രാമമായ മലയാലപ്പുഴയിൽ കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിന് പുതിയ സ്റ്റേഡിയം പ്രയോജനപ്പെടും എന്നാണ് കരുതുന്നത്. മലയാലപ്പുഴ എസ്എൻഡിപി യുപി സ്കൂൾ മൈതാനം മാത്രമാണ് ഇപ്പോൾ കായികതാരങ്ങൾക്ക് പരിശീലനം നടത്തുവാനുള്ള പഞ്ചായത്തിലെ ഏക സ്ഥലം.
നിരവധി പ്രമുഖരായ ഹോക്കി താരങ്ങളെ സംഭാവന ചെയ്ത ഗ്രാമമാണ് മലയാലപ്പുഴ. ഹോക്കിയിലെ ദേശീയ താരങ്ങളായ പി.എ.സുലേഖ, സഹോദരങ്ങളായ കെ.പി.ഷേർലി, കെ.പി.ഷിനി എന്നിവരുടെ തുടക്കം മലയാലപ്പുഴ എസ്എൻഡിപി യുപി സ്കൂൾ മൈതാനത്ത് നിന്നാണ്. രാജ്യന്തര മത്സരത്തിലെ താരമായിരുന്ന ഏലിയാമ്മയും മലയാലപ്പുഴയുടെ സ്വന്തമാണ്.
ഹോക്കിയുടെ നാട്
വർഷങ്ങൾക്ക് മുമ്പ് ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഹോക്കി സ്റ്റിക്കിൽ കൈവച്ചിട്ടുള്ള ഗ്രാമമെന്ന ഖ്യാതി മലയാലപ്പുഴയ്ക്കുണ്ട്. ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു, ഇന്റർ യൂണിവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച ടീം ക്യാപ്ടനായിരുന്ന കെ സുലേഖ ബിന്ദു, സർവീസ് ടീം അംഗം ഗോകുൽ രാജ്, കേരള പൊലീസ് താരം ഷേർലി തുടങ്ങിയവർ നാടിന്റെ അഭിമാനങ്ങളാണ്. 1979ൽ എസ്എൻഡിപി സ്‌കൂൾ മൈതാനത്ത് നിന്ന് തുടങ്ങിയതാണ് നാടിന്റെ ഹോക്കി പാരമ്പര്യം. സ്‌കൂളിലെ കായിക അദ്ധ്യാപകരായ പി കെ രവീന്ദ്രൻ, പീതാംബരൻ എന്നിവർ ഇതിൽ മുഖ്യപങ്ക് വഹിച്ചു. ഒരുകാലത്ത് സംസ്ഥാന വനിതാ ടീമിൽ ഒരേ സമയം ഒമ്പത് മലയാലപ്പുഴക്കാർ വരെ കളിച്ച ചരിത്രമുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഹോക്കി അക്കാഡമി മലയാലപ്പുഴയിലായിരുന്നു.
------------------------
മലയാലപ്പുഴയിൽ വരാനിരിക്കുന്ന സ്റ്റേഡിയം ജില്ലയിലെ കായിക താരങ്ങൾക്ക് പ്രയോജനപ്രദമാവും.
മൃത് സോമരാജ് ( സെക്രട്ടറി പത്തനംതിട്ട ഹോക്കി )
--------------
പരിഗണിക്കുന്നത് 2 ഏക്കർ സ്ഥലം
പണം നൽകുന്നത്
@ സ്പോർട്സ് കൗൺസിലൽ
@ എം,എൽ.എ ഫണ്ട്
@ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |