തിരുവനന്തപുരം: ബ്ളോക്ക് പഞ്ചായത്ത് വാർഡ് വിഭജന കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിനൽകണമെന്ന ആവശ്യം ഫലം കണ്ടതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയം ജൂൺ 10വരെ നീട്ടിക്കൊണ്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിറ്റി ഉത്തരവിറക്കി.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആയിരുന്നു. അതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാനെ സമീപിച്ചത്.കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മേയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അർദ്ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ചയും .ഇതിനിടയിൽ ഞായറും ബക്രീദ് അവധിയും ചേർന്ന് രണ്ട് ദിവസം നഷ്ടമാകുകയും ചെയ്യും. അതോടെ ഫലത്തിൽ അഞ്ചു ദിവസം മാത്രമാണ് പരാതികൾ നൽകാൻ ലഭിക്കുന്നത്. ഇതിലെ അപ്രായോഗികതയാണ് ചൂണ്ടിക്കാട്ടിയത്. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികൾ നൽകുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |