കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരമൊരുക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുള്ള ടെണ്ടർ നടപടികളായി. കോഴിക്കോട് എൻ.ഐ.ടിക്ക് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് ഓപ്പൺ ടെണ്ടറിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം പകുതിയോടെ നടപടികൾ പൂർത്തിയാകും. യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ 3.26 ഹെക്ടർ ഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തിരുന്നു. ഇവിടെ 1.20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുക. ആദ്യ ഘട്ട നിർമ്മാണത്തിനാണ് 30 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി. ഈ തുകയിൽ ഉൾപ്പെടുത്തി 60,000 ചതുരശ്ര അടി വിസ്തീർണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് ആദ്യം നിർമ്മിക്കും. പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമ്പോൾ നിർമ്മാണത്തിന് അനുവദിച്ച തുകയ്ക്ക് ഭരണാനുമതി ലഭിക്കും. രണ്ട് മാസത്തിനകം മാസ്റ്റർ പ്ളാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം.
പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കുക മാത്രമല്ല, തുടർന്നുള്ള മേൽനോട്ടവും പ്രോജക്ട് നടപ്പാക്കുന്നതുമടക്കമാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കാനുള്ള ടെണ്ടറിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. അതിനാൽ നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ള തുകയിൽ നിന്നുതന്നെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്ന സ്ഥാപനത്തിനുള്ള തുക നൽകാനാകും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിനൊപ്പം പ്രവേശന കവാടം, ചുറ്റുമതിൽ, റോഡുകൾ, ലാൻഡ് സ്കേപ്പിംഗ്, ഹരിതവത്കരണം എന്നിവയൊക്കെ നിർമ്മാണ ഘട്ടത്തിൽ ഉൾപ്പെടും. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്താണ് യൂണിവേഴ്സിറ്റിക്ക് ആസ്ഥാനമൊരുക്കാൻ ഭൂമി വാങ്ങാനും കെട്ടിടം നിർമ്മിക്കാനുമടക്കം സാഹചര്യമൊരുക്കിയത്.
യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള കാലതാമസം പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഓപ്പൺ ടെണ്ടർ. സർക്കാർ ഏജൻസിക്ക് നേരിട്ട് നൽകാമായിരുന്നു
വി.പി.പ്രശാന്ത്, സിൻഡിക്കേറ്റ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |