നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാൽ മുടി മുഴുവൻ നരച്ചുപോകുമോയെന്ന് പേടിയുള്ളവരുമുണ്ട്. അങ്ങനെയുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ കിടിലൻ ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും.
വീട്ടുതൊടിയിലുള്ള കറിവേപ്പിലയെടുത്ത് നന്നായി കഴുകുക, ശേഷം വെള്ളം കളയുക. ജലാംശം മുഴുവനായി മാറിയ ശേഷം കറിവേപ്പില ഇരുമ്പിന്റെ ചീനച്ചട്ടിയിൽ നിറം മാറി, പൊടിക്കാൻ പറ്റുന്ന രീതിയിലാകും വരെ ചൂടാക്കുക. ചെറുതീയിൽവേണം ചെയ്യാൻ. ഇല്ലെങ്കിൽ കരിഞ്ഞുപോകും. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം പൊടിച്ച്, അരിച്ചെടുക്കുക.
ഇനി മാതള നാരങ്ങയുടെ തൊലിയെടുക്കുക (അനാർ). ഇത് ചെറിയ കഷ്ണങ്ങളാക്കുക. ഒന്നുകിൽ വെയിലത്തിട്ട് ഉണക്കിക്കൊടുക്കുക. അല്ലെങ്കിൽ ചീനച്ചട്ടിയിലിട്ട് ചെയ്യുക. ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. എന്നിട്ട് അരിച്ചെടുക്കുക.
ശേഷം കറിവേപ്പിലയുടെയും മാതളത്തിന്റെ തൊലിയുടെയും പൊടി സമാസമം എടുക്കുക. ഇതിലേക്ക് അൽപം മൈലാഞ്ചിപ്പൊടിയും നെല്ലിക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് ഇരുമ്പ് ചട്ടിയിലിട്ട് കുറച്ചുസമയം ചൂടാക്കുക. അടുപ്പിൽ നിന്ന് മാറ്റിവയ്ക്കാം.
തേയിലയും കാപ്പിപ്പൊടിയുമിട്ട് വെള്ളം തിളപ്പിക്കുക. ചൂടാറിയ ശേഷം ഈ വെള്ളം പൊടികളിലേക്ക് ഒഴിച്ചുകൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കുന്ന അത്ര വെള്ളം മാത്രം മതി. എന്നിട്ട് എണ്ണമയം ഒട്ടുമില്ലാത്ത തലമുടിയിൽ തേച്ചുകൊടുക്കാം. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയുക. ചെമ്പരത്തിത്താളിയിട്ട് വേണം കഴുകാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |