വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവർ പുലർച്ചെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ മുറ്റത്ത് കാണുന്നത് കാട്ടാനയോ കടുവയോ പുലിയോ ആയിരിക്കും. അതല്ലെങ്കിൽ കേൾക്കുന്നത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടെന്നോ പരിക്കേറ്റെന്നോ ഉള്ള വാർത്തയായിരിക്കും. ഇത് രണ്ടുമില്ലാത്ത പ്രഭാതം വയനാട്ടുകാർക്ക് കഴിഞ്ഞ കുറേക്കാലമായി ഇല്ലെന്ന് പറയാം. ഒരോ വർഷം കടന്ന് പോകുമ്പോഴും ചുരുങ്ങിയത് ഒരു ഡസൻ ആളുകളുടെയങ്കിലും ജീവൻ പൊലിഞ്ഞിട്ടുണ്ടാകും. ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് പരിക്കേറ്റ് ജീവശ്ചവമായി കിടക്കുന്നവർ എന്നു കൂടി മനസിലാക്കണം. കാടും നാടും വേർതിരിച്ച് കാട്ടിലുള്ളവരെ പുറത്താക്കാതെ വയനാട് വന്യജീവി സങ്കേതം പ്രഖ്യാപിച്ചതാണ് ഇത്തരത്തിലൊരു സംഘർഷത്തിനിടയാക്കിയത്.
വന്യജീവി സങ്കേതം ആരംഭിച്ച 1972 മുതൽ കാൽനൂറ്റാണ്ട് വരെ കാര്യമായ വന്യജീവി ആക്രമണമുണ്ടായില്ല. തുടർന്നാണ് വന്യജീവികൾ ജനവാസ കേന്ദ്രത്തിലേയ്ക്ക് ഇറങ്ങാൻ തുടങ്ങിയത്. മതിൽ, കിടങ്ങ്, ജൈവ വേലി, സോളാർഫെൻസിംഗ്, റെയിൽ പാത്തി വേലിയും, എ.ഐ ഫെൻസിംഗും അവസാനമായി തൂക്ക് ഫെൻസിഗും സ്ഥാപിച്ച് വന്യമൃഗങ്ങളെ വനത്തിനകത്ത് തന്നെ പ്രതിരോധിച്ച് നിറുത്താൻ വേണ്ട നടപടിയുണ്ടായെങ്കിലും ഇതിനെയെല്ലാം നിഷ്പ്രയാസം മറികടന്നാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് പുറമെ സൗത്ത്, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് സമീപ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും വന്യമൃഗ ശല്യം അതിരൂക്ഷമായി തുടരുകയാണ്.
വന്യജീവി സങ്കേതത്തിന്റെ അതിർത്തി നിശ്ചയിച്ചപ്പോൾ വനത്തിനുള്ളിലുള്ളവരെ പുറത്താക്കാതെയുള്ള സങ്കേത നിർണ്ണയത്തിൽ ഭൂമിശാസ്ത്രപരമായിവന്ന പാളിച്ചയാണ് പ്രശ്നം ഇത്ര സങ്കീർണമാക്കാനും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകാനും ഇടയാക്കിയത്. ഇത് മനുഷ്യരുടെ മാത്രമല്ല വന്യജീവികളുടെ നിലനിൽപ്പിന്റെയും പ്രശ്നമായി തീർന്നു.
സ്വയം സന്നദ്ധ പുനരധിവാസ
പദ്ധതിയും പാളി
വനത്തിനുള്ളിൽ കഴിയുന്നവരെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം മാറ്റി പാർപ്പിക്കാൻ കൊണ്ടുവന്ന പദ്ധതിയിലെ അശാസ്ത്രീയത കാരണം പദ്ധതി പൂർണ്ണമായില്ല. വനത്തിനുള്ളിലെ 14 സെറ്റിൽമെന്റുകളിലുള്ളവരെ പുനരധിവസിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. അമ്മവയൽ, കോളൂർ, കൊട്ടങ്കര, അരകുഞ്ചി, കുറിച്ച്യാട്, ചെട്ട്യാലത്തൂർ, നരിമാന്തികൊല്ലി, ഈശ്വരൻകൊല്ലി, പുത്തൂർ, മണിമുണ്ട, പാമ്പുംകൊല്ലി, വെള്ളക്കോട്, കാപ്പാട്, കുണ്ടൂർ എന്നിവയായിരുന്നു സെറ്റിൽമെന്റുകൾ. ഇതിൽ അമ്മവയൽ, കോളൂർ, കൊട്ടങ്കര, അരകുഞ്ചി എന്നിവിടങ്ങളിലെ ആളുകൾ പൂർണ്ണമായി മാറി. അതേസമയം ബാക്കി പ്രദേശങ്ങളിലെ ജനങ്ങൾ പൂർണ്ണമായി മാറിയില്ല. കുടുംബത്തിലെ പ്രായപൂർത്തിയായ അംഗങ്ങളെ ഒരു കുടുംബമായി കണ്ട് കുടുംബത്തിന് 10 ലക്ഷം രൂപയാണ് സാമ്പത്തിക സഹായം നൽകിയത്. ഇതുപ്രകാരം കുറേപേർ മാറി താമസിച്ചു. മാറിയ പലരുടെയും ജീവിതം പച്ചപിടിച്ചില്ല.
പിന്നീട് സംസ്ഥാന സർക്കാർ കൊണ്ടുവന്ന റീബിൽഡ് കേരളയുടെ ഭാഗമായി ഒരു കുടുംബത്തിനുള്ള സാമ്പത്തിക സഹായം 15 ലക്ഷമാക്കി ഉയർത്തി. ഇതുപ്രകാരം കുണ്ടൂർ, കാപ്പാട് ഭാഗത്തെ ജനങ്ങൾ മാറിതാമസിച്ചു. എങ്കിലും ഇതിലെ അശാസ്ത്രീയത മാറ്റിയെഴുതാൻ തയ്യാറായില്ല. കൂടുതൽ സ്ഥലമുള്ളവർക്കും ലഭിക്കുക 15 ലക്ഷമാണ്. ഗോത്രവർഗക്കാർ ഒഴികെയുള്ളവരിൽ പലരും വൻകിട ഭൂവുടമകളാണ്. ഇവർക്കാണെങ്കിൽ കാർഷിക നാണ്യവിളകളിൽ നിന്ന് വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് വരുമാനം ലഭിക്കുക. ഇവർക്ക് ലഭിക്കുന്ന ഈ പതിനഞ്ച് ലക്ഷം ഇവരുടെ അദ്ധ്വാനത്തിന്റെ ഫലം പോലുമാകുന്നില്ല. അതിനാൽ ഇവർ ഒഴിഞ്ഞുപോകാൻ തയ്യാറല്ല. അഞ്ച് സെന്റും പത്ത് സെന്റുമുള്ള ആളുകൾ ഒഴിഞ്ഞ് പോകാൻ സ്വയം സന്നദ്ധരാകുകയും ചെയ്തു. ഇത്തരത്തിലൊരു പുനരധിവാസ പദ്ധതി അശാസ്ത്രീയമാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ചെറിയ സ്ഥലവും കൂടുതൽ അംഗങ്ങളുമുള്ളവർ നിലവിലുള്ള പദ്ധതിയെ അനുകൂലിക്കുന്നു.
വനത്തിൽ നിന്ന്
മാറാതെ ഗോത്രവർഗ്ഗക്കാർ
വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പ്രാക്തന ഗോത്രവർഗക്കാർ വനത്തിൽ നിന്ന് വിട്ടുപോകാൻ തയ്യാറല്ല. തങ്ങളുടെ സംസ്‌ക്കാരത്തെ കൊലചെയ്തുകൊണ്ടുള്ള ഒരു പറിച്ച് നടീലിന് ഒരിക്കലും തയ്യാറല്ലെന്നാണ് ഇവരുടെ വാദം. വനവുമായി ബന്ധപ്പെട്ടാണ് ഇവർ പരമ്പരാഗതമായി കഴിഞ്ഞുവന്നത്. വനവുമായി ബന്ധപ്പെട്ടതാണ് ജീവിതവും. ജീവിതവും മരണവുമെല്ലാം വനത്തിൽ തന്നെ വേണമെന്ന നിർബന്ധ ബുദ്ധിയുള്ളവരാണ് ഇവർ. ഗോത്രവർഗക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ഇവരുടെ പേരിൽ ഫണ്ട് വന്നിട്ടുണ്ട്. എന്നാൽ ഇവർ മാറി താമസിക്കാൻ തയ്യാറല്ല. അതിനാൽ ഫണ്ട് ബാങ്ക് അക്കൗണ്ടിൽ തന്നെ കിടക്കുകയാണ്. വനവുമായി കഴിഞ്ഞുവരുന്ന ഗോത്രവർഗക്കാരെ വനത്തിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റി പാർപ്പിക്കാനും കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |