മാവേലിക്കര: ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യകാരനും നിരൂപകനുമായിരുന്ന ശിവരാമൻ ചെറിയനാട് (79) നിര്യാതനായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായിരുന്നു.ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് വീട്ടിലായിരുന്നു താമസം. തമിഴ്നാട്ടിലും മലബാർ മേഖലയിലും അദ്ധ്യാപകനായിരുന്നു. മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്. സംസ്കാരം നാളെ രാവിലെ 11ന് ചെട്ടികുളങ്ങര കൈതവടക്ക് മൂക്കന്റയ്യത്ത് വീട്ടുവളപ്പിൽ.
1941 ഡിസംബർ 13ന് ചെങ്ങന്നൂരിലാണ് ജനനം. 1988ൽ ചെറുകഥയ്‌ക്ക് അബുദാബി ശക്തി അവാർഡ് ലഭിച്ചു. 2009ലെ എ.പി കളയ്ക്കാട് പുരസ്കാരം ലഭിച്ചു. പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് കേരള സാഹിത്യ അക്കാഡമിയിൽ നിന്ന് 1990-91ൽ സ്‌കോളർഷിപ്പ് ലഭിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളപാണിനി എ.ആർ. രാജരാജവർമ്മ സ്‌മാരക ഭരണസമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള സാഹിത്യ അക്കാഡമിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും എക്സിക്യുട്ടിവ് അംഗമാണ്.
പുതിയ പാഠങ്ങൾ, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടൻ, വിയറ്റ്നാം കഥകൾ, കാറ്റിന്റെ നിറം, കള്ളൻ വാസൂള്ളയുടെ ഷഷ്ടിപൂർത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തൻ, ദൈവത്തിന്റെ കാള, തിരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരങ്ങൾ), അദ്ദേഹം, കോട, തോൽ (നോവലുകൾ), ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്); ചെപ്പുകുടത്തിലെ ചെങ്കടൽ, കൂട്, വീട്, സുന്ദരപുരി, തേൻവരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലൻ, അമ്മയുടെ കണ്ണുനീർ (ബാലസാഹിത്യങ്ങൾ), പാറപ്പുറത്ത് - ഓണാട്ടുകരയുടെ കഥാകാരൻ, മലയാറ്റൂർ - ജീവിതവും കൃതികളും (പഠനങ്ങൾ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ :പരേതയായ എം.ജെ. സരസമ്മ. മക്കൾ : അഡ്വ.സീമ (സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ), സിന്ധു (അദ്ധ്യാപിക, മാവേലിക്കര എ.ആർ.ആർ.വി.എം ഗവ.ഗേൾസ് എച്ച്.എസ്.എസ്), മരുമകൻ: അഡ്വ.അമൃതകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |