അൻപത്തിയൊമ്പത് ജനപ്രതിനിധികൾ, 33 രാജ്യങ്ങൾ. പഹൽഗാം ഭീകരതയും 'ഓപ്പറേഷൻ സിന്ദൂറും" ലോകത്തോട് വിശദീകരിക്കാൻ നടത്തിയ വമ്പൻ നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായത് പൊതുപ്രവർത്തനത്തിൽ ഏറ്റവും ചാരിതാർത്ഥ്യമേകിയ അനുഭവമാകുകയായിരുന്നു. 'നാനാത്വത്തിൽ ഏകത്വം" എന്ന ആപ്തവാക്യത്തിന്റെ നേർച്ചിത്രമായിരുന്നു ഏഴ് പ്രതിനിധിസംഘങ്ങൾ. രാജ്യത്തെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ എന്നതു മാത്രമല്ല, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ, വ്യത്യസ്ത മാതൃഭാഷ സംസാരിക്കുന്നവർ ഒറ്റക്കെട്ടായി, ഒരേ മനസോടെ ലോകത്തിതിനു മുന്നിൽ രാജ്യത്തിനായി അണിനിരന്ന അപൂർവ നിമിഷങ്ങൾ...
അതിർത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ആഗോളസമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മുമ്പും സർവകക്ഷി സംഘങ്ങൾ വിദേശത്തു പോയിട്ടുണ്ടെങ്കിലും ഇത്ര വിശാലമായ ദൗത്യം രാജ്യചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു. നരേന്ദ്രമോദി എന്ന രാഷ്ട്രതന്ത്രജ്ഞന്റെ വിശാല കാഴ്ചപ്പാടാണ് ഇത്തരമൊരു ദൗത്യത്തിന് കളമൊരുക്കിയത്. വിദേശകാര്യ മന്ത്രാലയത്തെ നയിക്കുന്ന ഡോ. എസ്. ജയശങ്കറിന്റെ നയതന്ത്രപാടവം ദൗത്യത്തിന് അടിത്തറയേകി. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ വിശ്വസിക്കുന്ന, സഭയിൽ പരസ്പരം ഏറ്റമുട്ടുന്ന എം.പിമാരെ ഒരു കുടക്കീഴിൽ അണിനിരത്തിയത് കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ഏകോപനമികവും.
ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള യു.എൻ രക്ഷാസമിതി അംഗങ്ങൾ, രക്ഷാസമിതിയിൽ ഉടൻ താത്കാലിക അംഗങ്ങളാകാൻ പോകുന്ന രാജ്യങ്ങൾ, ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ- ഓപ്പറേഷൻ അംഗങ്ങളായ രാജ്യങ്ങൾ, ആഫ്രിക്കൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യങ്ങൾ എന്നിവയാണ് സന്ദർശനത്തിന് തിരഞ്ഞെടുത്തത്. പാർലമെന്ററി പ്രതിനിധി സംഘം എന്ന നിലയിൽ വ്യത്യസ്ത രാജ്യങ്ങളിലെ ജനപ്രതിനിധി സഭാദ്ധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും നയരൂപീകരണ സ്ഥാപനങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയുമാണ് കാണാൻ തീരുമാനിച്ചത് . ഭീകരവാദം നയമായി സ്വീകരിച്ചിട്ടുള്ള പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന ആഗോള അഭിപ്രായം രൂപീകരിക്കാൻ ഇതാണ് മികച്ച മാർഗമെന്ന് സർക്കാർ വിലയിരുത്തി. അത് ശരിവയ്ക്കുന്നതായിരുന്നു ആഗോള സമൂഹത്തിന്റെ പ്രതികരണം.
ഭാരതീയ സ്ത്രീയുടെ സിന്ദൂരം മായ്ച്ചവർക്ക് 'ഓപ്പറേഷൻ സിന്ദൂറി"ലൂടെ മറുപടി കൊടുത്ത കേന്ദ്രസർക്കാർ ഈ ദൗത്യത്തിന് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തവരിലും വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കി. സുപ്രിയ സുലെ ആയിരുന്നു ഞാനടങ്ങിയ സംഘത്തെ നയിച്ചത്. ബി.ജെ.പി, കോൺഗ്രസ്, എൻ.സി.പി, ടി.ഡി.പി, ആം ആദ്മി എന്നിങ്ങനെ അഞ്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മുൻ അംബാസഡർമാരും ഞങ്ങളുടെ സംഘത്തിലുണ്ടായി. ഖത്തർ, ദക്ഷിണാഫ്രിക്ക,എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഞങ്ങൾ യാത്ര ചെയ്തത്.
മൂന്നു കാര്യങ്ങളാണ് ലോകരാജ്യങ്ങളോട് സർവകക്ഷിസംഘം വിശദീകരിച്ചത്. ഒന്ന്, പഹൽഗാം ഭീകരാക്രമണത്തിന്റെ നിഷ്ഠുരമുഖവും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും. രണ്ട്, അതിർത്തി കടന്നെത്തുന്ന ഭീകരതയോട് ഇനി മുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും ഇന്ത്യ സ്വീകരിക്കുക എന്ന നിലപാട്. മൂന്ന്, സ്വന്തം മണ്ണിൽ ഭീകരതയെ വളർത്തുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആവശ്യത്തിന്റെ പ്രസക്തി.
ദോഹയിൽ
തുടക്കം
ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഞങ്ങൾ ആദ്യമെത്തിയത്. മദ്ധ്യ- പൂർവേഷ്യൻ രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക ശക്തിയായ ഖത്തറുമായി ദീർഘകാല ബന്ധമാണ് ഭാരതത്തിനുള്ളത്. ഭീകരത രാജ്യത്തിന്റെ നയമാക്കിയ പാക്കിസ്ഥാനെ ഇസ്ലാമിക ലോകത്ത് ഒറ്റപ്പെടുത്താൻ ഖത്തറിന്റെ പിന്തുണ ഏറെ അനിവാര്യമാണ്. ഖത്തർ ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ഹസൻ അൽ സുലൈത്തിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊടുവിൽ ഭീകരതയോട് സന്ധിയില്ലെന്ന ഇന്ത്യയുടെ നയത്തിന് ശൂറ കൗൺസിൽ പിന്തുണ അറിയിച്ചത് നേട്ടമായി.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യമായ ദക്ഷിണാഫ്രിക്കയ്ക്ക് ഭാരതവുമായി അടുത്ത ആത്മബന്ധമാണുള്ളത്. അഹിംസയും സത്യഗ്രഹവുമെന്ന ഗാന്ധിമാർഗം പിൻപറ്റി പോരാട്ടം നടത്തിയ നെൽസൻ മണ്ടേലയുടെ മണ്ണിൽ ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. ജി 20 അധ്യക്ഷപദവി വഹിക്കുന്ന, ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായ ദക്ഷിണാഫ്രിക്കയുടെ പിന്തുണ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഏറെ നിർണായകമാണ്. പാർലമെന്റ് ഉപരിസഭയായ നാഷണൽ കൗൺസിൽ ഒഫ് പ്രൊവിൻസിന്റെ ഡെപ്യൂട്ടി സ്പീക്കർ എൽ. ഗോവേന്ദറുമായിട്ടായിരുന്നു പ്രധാന കൂടിക്കാഴ്ച.
പാർലമെന്ററി പോർട്ട്‌ഫോളിയോ കമ്മിറ്റി ചെയർപേഴ്സൺ സുപ്ര ഒബാകെങ് , കൃഷി മന്ത്രി ജോൺ സ്റ്റീൻഹുയിസൺ, ഡെപ്യൂട്ടി മന്ത്രി കെന്നത് മൊറോലോങ് തുടങ്ങി ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിലെ മുൻനിര നേതാക്കളുടെ പിന്തുണ തേടാനായി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സെക്രട്ടറി ജനറൽ ഫിക്കിലെ എംബാലുലയുടെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയായിരുന്നു മറ്റൊരു പ്രധാന നേട്ടം.
ആഡിസ്
അബാബ
എത്യോപ്യയിലെ ആഡിസ് അബാബ സന്ദർശനത്തിനും വ്യക്തമായ ഉദ്ദേശ്യ- ലക്ഷ്യങ്ങളുണ്ടായിരുന്നു. എത്യോപ്യയുടെ മുൻ പ്രധാനമന്ത്രി ഹൈലേമറിയം ഡെസലീനെ സന്ദർശിച്ചാണ് ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. എത്യോപ്യൻ ഉപപ്രധാനമന്ത്രി ആദം ഫറ, പാർലമെന്റ് സ്പീക്കർ ടാഗെസി ചാഫോ തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തെ അപലപിച്ച നേതാക്കൾ, ഭീകരതയെ അടിച്ചമർത്തുന്നതിന് രാജ്യം മുന്നോട്ടുവയ്ക്കുന്ന അടിയന്തരവും ഏകോപിതവുമായ നടപടികൾക്ക് പിന്തുണ അറിയിച്ചു.
ചരിത്രാതീതകാലം മുതൽ ഭാരതവുമായി ബന്ധമുള്ള രാജ്യമാണ് ഈജിപ്ത്. അശോക ചക്രവർത്തിയുടെ കാലം മുതൽ തുടങ്ങുന്നു ആ ബന്ധം. 23 അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ ആസ്ഥാനമായ കെയ്‌റോയിലും ഇസ്ലാമിക ലോകത്തോട് പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഞങ്ങൾ വിശദീകരിച്ചത്. പാർലമെന്റ് ഉപരിസഭയായ സെനറ്റിലെ അംഗങ്ങൾക്കു മുന്നിലും ഭീകരതയ്‌ക്കെതിരായ സന്ദേശം ശക്തമായിത്തന്നെ അവതരിപ്പിച്ചു. അധോസഭയായ ഹൗസ് ഒഫ് റെപ്രസന്റേറ്റീവ്സിൽ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും കണ്ട് നയം വ്യക്തമാക്കി.
സമാധാന
സന്ദേശം
വിദേശകാര്യമന്ത്രിയടക്കം ഈജിപ്ത് ഭരണകൂടത്തിലെ പ്രധാനികളുമായും കൂടിക്കാഴ്ച നടത്താനായി. ലീഗ് ഒഫ് അറബ് സ്റ്റേറ്റ്സ് സെക്രട്ടറി ജനറലുമായി ചർച്ച നടത്താനായതും നേട്ടമായി. ഈജിപ്ഷ്യൻ കൗൺസിൽ ഫോർ ഫോറിൻ അഫയേഴ്സ് ഉൾപ്പെടെ പ്രമുഖ നയരൂപീകരണ സംഘടനകളുടെ പ്രതിനിധികളും ഇന്ത്യയുടെ ശബ്ദം കേൾക്കാനെത്തി. ചേരിചേരാ നയത്തിൽ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്ന ഈജിപ്ത് ഭരണാധികാരികൾ ഭീകരവിരുദ്ധതയിലും നമുക്കൊപ്പം നിൽക്കുമെന്നുറപ്പാണ്.
ഏതാണ്ട് രണ്ടാഴ്ച നീണ്ട നയതന്ത്ര ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും പാക്കിസ്ഥാൻ സ്‌പോൺസേഡ് ഭീകരതയുടെ നേർച്ചിത്രം എത്തിക്കാൻ നമുക്കായി. ഇന്ത്യൻ നിലപാടുകളെക്കുറിച്ച് ചിലർക്കെങ്കിലും ഉണ്ടായിരുന്ന സംശയങ്ങൾ ഇല്ലാതാക്കാനായി. പാക്കിസ്ഥാന്റെ വ്യാജപ്രചാരണങ്ങളെ പൊളിച്ചെഴുതാനായി. ഭാരതം ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണെന്നും, പക്ഷേ അതിർത്തിക്കപ്പുറത്തു നിന്നുണ്ടാകുന്ന പ്രകോപനത്തോട് വിട്ടുവീഴ്ചയില്ലെന്നും ലോകത്തോട് വ്യക്തമാക്കാനും ഈ മഹാദൗത്യത്തിനായി.
(മുൻ വിദേശകാര്യ സഹമന്ത്രിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |