കൈകാലുകൾ ബന്ധിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മധുവിനെ കേരളത്തിന് മറക്കാൻ കഴിയില്ല. ഇനി സംഭവിക്കരുതെന്നു വിധിയെഴുതിയ ക്രൂരത ആവർത്തിക്കപ്പെടുകയാണ്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് ഷിജുവിനെ മർദ്ദിച്ച് കെട്ടിയിട്ട സംഭവം ചൂണ്ടിക്കാണിക്കുന്നതും ക്രൂരതയുടെ മറ്റൊരു മുഖമാണ്. ഷിജുവിന്റെ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് മേയ് 24ന് ആണ്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ നിന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും അവർ കേട്ട ഭാവം നടിച്ചില്ല. അതേ ദിവസം വാഹന ഉടമ ഷിജുവിനെതിരെ പരാതി നൽകി. അതിന് ഉടനടി ഷിജുവിനെ സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തു. ഒരു കേസിൽ രണ്ട് നീതി! ആദിവാസി യുവാവിനെ മർദ്ദിച്ചത് കേസ് ആക്കാതെയും, വാഹനത്തിന് കേടുപാട് സംഭവിച്ചതിന് കേസെടുക്കുകയും ചെയ്യുന്ന വിചിത്ര നീതി!
കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ മാതൻ എന്ന ആദിവാസി യുവാവിനെ കാറിന്റെ ഡോറിൽ കെട്ടി വലിച്ചിഴച്ച് കൊണ്ടുപോയതും നമ്മുടെ കേരളത്തിൽത്തന്നെയാണ്. കൽപ്പറ്റയിലാണ് സംഭവം. ദളിത്- ആദിവാസി വിഭാഗത്തിന്റെ ജീവനും ജീവിതത്തിനും യാതൊരു വിലയുമില്ലെന്ന യാഥാർത്ഥ്യം ഊട്ടിയുറപ്പിക്കുന്നു, ഈ സംഭവങ്ങളെല്ലാം. കാലങ്ങളായി ഭയപ്പെടുത്തിയും അപമാനിച്ചും ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ താഴെത്തട്ടിൽത്തന്നെ തളച്ചിടുന്നു. ശേഷം അവർക്കായി നിലകൊള്ളുന്നുവെന്നു പ്രഖ്യാപിച്ച് മുന്നോട്ടു വരുന്നു. കാലമേറെക്കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ് അധികാരികളുടെ കണ്ണുപൊത്തിക്കളി.
വേടനു നേരെ
നായാട്ടോ?
'ഞാൻ പാണനല്ല, പറയനല്ല, പുലയനല്ല... നീ തമ്പുരാനുമല്ല" എന്ന് വേടൻ പാടുമ്പോൾ അസ്വസ്ഥമാകുന്ന ഒരു സമൂഹം മാതൃകാ സംസ്ഥാനമായ ഈ കൊച്ചുകേരളത്തിലുണ്ട്. ജാമ്യം കിട്ടാവുന്ന കഞ്ചാവ് കേസിൽ പിടി കൂടിയിട്ടും അധികാര വർഗം വേടനെ വിടാതെ പിന്തുടർന്നു. ഒടുക്കം കേസ് മറ്റു പല സംഭവങ്ങളിലേക്കും അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നു വന്നപ്പോൾ വേടനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടേണ്ടിവന്നു. കഞ്ചാവ് കേസിനെപ്പോലും അപ്രസക്തമാക്കി വേടന്റെ വാക്കുകളിലെ തീയിൽ ഈയാംപാറ്റകൾ വന്നലച്ച് പിടഞ്ഞു വീണു. വേട്ടയാടപ്പെട്ടതുകൊണ്ടു മാത്രം സ്ഥിരതയുള്ള ഒരു സമൂഹം വേടനൊപ്പം ചേർന്നു. പ്രായഭേദമെന്യേ വേടനെ നാടറിഞ്ഞു. സ്വതസിദ്ധമായ കഴിവും അറിവുംകൊണ്ട്, തകർക്കപ്പെട്ടവരുടെ ശബ്ദമായി വേടൻ കൂടുതൽ ജനകീയനാവുകയും ചെയ്തു.
ദളിത് കുടുംബത്തിൽ ജനിച്ചവർക്കെല്ലാം അപമാനവും അവഗണനയും കൂടപ്പിറപ്പാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകളാണ് അധികവും. സമ്മർദ്ദങ്ങളെ അതിജീവിച്ച് പരാതി നൽകിയാലും നീതി ലഭിച്ചിട്ടുള്ള കേസുകൾ തുച്ഛം. നെടുങ്കണ്ടം ഉടുമ്പൻ ചോലയ്ക്കടുത്തുള്ള സ്കൂളിൽ പനി ബാധിച്ച് ക്ലാസ് മുറിയിൽ വിദ്യാർത്ഥി ഛർദ്ദിച്ചു. ദുർഗന്ധം പരന്നതോടെ കുട്ടികളോട് അത് മണലിട്ടു മൂടാൻ അദ്ധ്യാപിക ആവശ്യപ്പെട്ടു. ശേഷം ആറുവയസു മാത്രമുള്ള ക്ലാസിലെ മറ്റൊരു കുട്ടിയോട് അദ്ധ്യാപിക അത് വാരിക്കളയാൻ ആക്രോശിച്ചു. വിസമ്മതിച്ച കുട്ടിയെ നിർബന്ധിപ്പിച്ച്, വഴക്കു പറഞ്ഞ് ഛർദ്ദിൽ വാരിച്ചു. അതൊരു ദളിത് വിദ്യാർത്ഥിയായിരുന്നു! അവൻ തന്നെ അതു വാരണമെന്ന് അദ്ധ്യാപിക വാശിപിടിച്ചതിനു കാരണം അവന്റെ ജാതിയല്ലാതെ മറ്റെന്ത്?
പക തീർക്കാനും
ഇരയാകുന്നവർ
കഴിഞ്ഞ ദിവസം കിളിമാനൂരിലെ സ്കൂളിൽ അദ്ധ്യാപകർ തമ്മിലുള്ള പടലപ്പിണക്കത്തിന് ഇരയായത് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അദ്ധ്യാപകൻ പഠിപ്പിക്കുന്ന പെൺകുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കിയെന്ന് വ്യാജ പ്രചാരണം നടത്തിയാണ് സഹ അദ്ധ്യാപകനോടുള്ള വൈരാഗ്യം അവർ തീർത്തത്. അപമാനിതയായ പെൺകുട്ടി പഠനം നിറുത്തി. അപസ്മാര രോഗം കൂടിയുള്ള കുട്ടി മാനസികമായി തളർന്ന് ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിനിയുടെ പേരെടുത്തു പറഞ്ഞായിരുന്നു അദ്ധ്യാപികയുടെ പരാമർശം!
വയലിൽ ഇറങ്ങിയതിന് ആറും ഏഴും വയസുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ചതും വയനാട്ടിലെ നെയ്ക്കുപ്പ കോളനിയിലാണ്. കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വയലിലൂടെ നടന്നുപോയ കുട്ടികളെ ഉടമ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇവരുടെ കാൽ മുറിഞ്ഞ് ചോര വരുന്നതുവരെ തല്ലി.
അദ്ധ്യാപികയുടെ പരിഹാസം താങ്ങാനാവാതെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത് കൊല്ലം പൂയപ്പള്ളിയിലാണ്. അങ്ങനെ എത്രയെത്ര കുഞ്ഞു ജീവിതങ്ങളാണ് ദളിതായതുകൊണ്ടു മാത്രം അപമാനം ഭയന്ന് നിലകൊള്ളുന്നത്.
സ്വന്തം കുഞ്ഞുങ്ങളെ ഒരു ഉറുമ്പു കടിക്കാൻ പോലും അനുവദിക്കാത്തവരാണ് ഇത്തരത്തിൽ ദളിത് - ആദിവാസി കുട്ടികളെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഉപദ്രവിക്കുന്നത്. പട്ടികവർഗ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഏഴിലും എട്ടിലും പഠനം നിറുത്തി പണിക്കിറങ്ങുന്നത് ദാരിദ്ര്യം കൊണ്ടു മാത്രമല്ല. ഇത്തരം അവഗണനകളും അപമാനങ്ങളും സഹിക്കാൻ കഴിയാതെ രക്ഷപ്പെട്ട് ഓടുകയാണ് അവർ. സവർണ മേധാവികൾക്കു വേണ്ടതും അതുതന്നെ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ പലതു പിന്നിട്ടെങ്കിലും ഇന്നും ദളിത് വിഭാഗം സമൂഹത്തിന്റെ മുൻപന്തിയിലെത്തുന്നത് അത്ഭുതവും ആശ്ചര്യവുമായിത്തന്നെ നിലനിൽക്കുന്നു. കാരണം എത്രയധികം പ്രത്യാഘാതങ്ങളോടു പടവെട്ടിയാണ് ഓരോ ദളിത് വിദ്യാർത്ഥിയും മുന്നേറുന്നതെന്ന് കാലത്തിനറിയാം.
അപമാനിക്കാൻ
നൂറു വഴികൾ
ദളിത് സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. കൊവിഡ് ഭീതിയിൽ ജനം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായത്. രാജ്യത്ത് ആദ്യമായി പട്ടികജാതി, പട്ടികവർഗ അതിക്രമ നിയമപ്രകാരം വിചാരണ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ച കേസുകൂടിയായായിരുന്നു അത്. രണ്ടുമാസം മുമ്പാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. സ്വന്തം കുഞ്ഞു മരിച്ച്, ആ ദു:ഖത്തിൽ തകർന്നിരിക്കുമ്പോൾത്തന്നെ ഭർത്താവും ഉപേക്ഷിച്ചു പോയി . നിരവധി സുമനസുകളുടെ സഹായത്തോടെ ജീവിതം തിരികെപ്പിടിക്കാൻ തട്ടുകടയിട്ട യുവതിയെ മോശക്കാരിയായി ചിത്രീകരിച്ച് അവിടെ നിന്ന് ഓടിക്കാൻ ശ്രമിച്ചവന്റെ പ്രശ്നം, അയാളുടെ താത്പര്യങ്ങൾക്ക് അവളെ കിട്ടിയില്ലെന്നതായിരുന്നു! തിരുവനന്തപുരം പൂജപ്പുരയിലായിരുന്നു ഈ സംഭവം.
വയനാട്ടിലെ നെയ്ക്കുപ്പ കോളനിയിൽ, അയൽവക്കത്തെ റബ്ബർ തോട്ടത്തിൽ നിന്ന് ചുള്ളിക്കമ്പ് എടുത്തതിന്, ഗർഭിണിയായ ആദിവാസി യുവതിയെ അതിക്രൂരമായി ഉടമ മർദ്ദിച്ചവശയാക്കി. അറുപത്തിനാല് പേർ പ്രതിയായ പീഡനകേസ് റിപ്പോർട്ട് ചെയ്യുന്നത് പത്തനംതിട്ടയിലാണ്. പട്ടികജാതിക്കാരിയും കായികതാരവുമായ പെൺകുട്ടി പലപ്പോഴായി പീഡനം നേരിടുകയായിരുന്നു. കേരളത്തിൽ നേരിടുന്നതിന്റെ പതിന്മടങ്ങാണ് ഉത്തരേന്ത്യയിൽ ദളിത് വിഭാഗം നേരിടുന്ന പീഡനങ്ങൾ. രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ ഭൂരിഭാഗവും ദളിതരാണ്. അധികാരികൾ ദളിതരെ അങ്ങനെയാക്കി മാറ്റിയെന്നതാണ് സത്യം.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |