
നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകുന്നു. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന്റെ വാർത്തസമ്മേളനത്തിനിടെ വികാരഭരിതനായ നടൻ മനോജ് കെ ജയന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുഞ്ഞാറ്റയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മകൾ സിനിമാ മോഹം അറിയിച്ചപ്പോൾ അമ്മ ഉർവശിയെ അറിയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്ന് മനോജ് കെ ജയൻ വ്യക്തമാക്കി.
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. രണ്ട് വർഷം മുൻപാണ് അവൾ എന്നോട് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. എന്റെ ഭാര്യ ആശയോടാണ് ആദ്യം പറയുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ആദ്യം ഉർവശിയോട് പറയാനാണ് പറഞ്ഞത്. അതിന് ചെന്നെെ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു നടിയാണ്. പിന്നാലെ കുഞ്ഞാറ്റ ചെന്നെെയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി.
വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്സുമാണ് പിന്നീടുള്ള കാര്യങ്ങൾ ചെയ്തത്. മകൾക്ക് അഭിനയിക്കാൻ നല്ലൊരു സിനിമയുണ്ടെന്നും കഥ കേൾക്കണമെന്നും സേതു പറഞ്ഞു. ഉർവശിയാണ് ആദ്യം കഥ കേൾക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇവരാണ് തീരുമാനിക്കേണ്ടത്. അവർ കഥ കേട്ട ശേഷമാണ് ഞാൻ കേട്ടത്. വളരെ തൃപ്തിയായി. ഇത് ഒരു അറിയിപ്പാണ്. എന്റെ മകൾ സിനിമയിൽ എത്തുന്നു. ഞങ്ങളുടെ കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അവൾക്ക് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു' - മനോജ് ജെ ജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |