കോഴിക്കോട്: കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന കുഴിയാന വലച്ചിറകനെ ഗവേഷകർ തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ സൂര്യനാരായണൻ ടി.ബി, ഡോ. ബിജോയ് സി, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവരാണ് മിർമെലിയോൺ ടെന്യൂ ഐപ്പെന്നിസ് (കുഴിയാന വലച്ചിറകൻ) എന്ന ജീവജാതിയാണെന്ന് തിരിച്ചറിഞ്ഞത്. സാധാരണ കണ്ടുവരുന്ന തുമ്പികളുമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ചെറുകീടങ്ങളെ ഇരയാക്കാൻ ഇവയുടെ ലാർവകൾ അയഞ്ഞ മണ്ണിൽ കുഴിയൊരുക്കി കാത്തിരിക്കും.
അസാം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാൾ, മിസോറം, ഹിമാചൽപ്രദേശ്, ലക്ഷദ്വീപ്, ഇന്ത്യയ്ക്ക് പുറത്ത് കംബോഡിയ, ലാവോസ്, തായ്ലാൻഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഗവേഷകർ മ്യാൻമറിൽ നിന്നും നേപ്പാളിൽ നിന്നും ആദ്യമായി രണ്ട് അപൂർവയിനം കുഴിയാന വലച്ചിറകന്മാരെ ശാസ്ത്രീയമായി രേഖപ്പെടുത്തി.
കണ്ടെത്തലിന്റെ പൂർണ വിവരം അന്താരാഷ്ട്ര ശാസ്ത്ര മാസിക, ജേർണൽ ഒഫ് ഏഷ്യ - പസഫിക് ബയോ ഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചു. കൗൺസിൽ ഫോർ സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗ്രാന്റ് ഉപഗോഗിച്ചായിരുന്നു പഠനം.
മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനിയാണ് സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. മിർമെലിയോൺ ട്രിവിയാലിസിനെ മ്യാൻമാറിൽ നിന്നും മിർമെലിയോൺ ക്ലോതിൽഡ് ഇനത്തെ നേപ്പാളിൽ നിന്നുമാണ് കണ്ടെത്തിയത്.
കുഴിയുണ്ടാക്കാത്ത കുഴിയാനകളും
കുഴിയുണ്ടാക്കാത്ത കുഴിയാനകൾ മണ്ണിന്റെ ഉപരിതലത്തിൽ പ്രാണികളെ തിന്ന് ജീവിക്കും. വളർച്ചാഘട്ടങ്ങൾ രണ്ടിനും ഒരുപോലെയാണ്. മുട്ടയിൽ നിന്ന് ലാർവയാകും. തുടർന്ന് മണ്ണുകൊണ്ട് പ്യൂപ്പയുണ്ടാക്കി ഭക്ഷണം കഴിക്കാതെ തപസിരിക്കും. പിന്നീട് ചിറകുകളോടെ പുറത്തുവരും. ഇണചേരുന്നതുവരെ പരമാവധി അഞ്ച് മാസമാണ് ഇവയുടെ ആയുസ്.
കൂടുതൽ പഠനം നടത്തിയാലേ ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾപ്പെടെ മനസിലാകൂ.
- സൂര്യനാരായണൻ ടി. ബി
ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |