അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യാത്രക്കാരും ഉണ്ടെന്ന് സൂചന. വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റിൽ മലയാളിപേരുകളും ഉൾപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് ഇടനൽകുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 242 യാത്രക്കാരിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷുകാർ,ഏഴ് പോർച്ചുഗീസുകാർ, ഒരു കാനഡക്കാരൻ എന്നിവർ ഉൾപ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിനിടെ മരണം നൂറുകടന്നുവെന്നാണ് വിവരം.
ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്. പരിചസമ്പത്ത് ഏറെയുള്ള പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിനൊപ്പം ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു വിമാനം പറത്തിയത്. 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളയാളാണ് ക്യാപ്റ്റൻ സുമീത് സബർവാൾ. കോപൈലറ്റിന് 1100 മണിക്കൂർ പറക്കൽ അനുഭവമുണ്ടായിരുന്നു.
ടേക്ക് ഒഫ് ചെയ്ത് വെറും എട്ടുമിനിട്ട് കഴിഞ്ഞ ഉടനായിരുന്നു അപകടം. 1.39ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന് ഒരു മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.അല്പസമയത്തിനുള്ളിൽ തകർന്നുവീഴുകയും ചെയ്തു. 625 അടി ഉയരത്തിൽ നിന്നാണ് അഗ്നിഗോളമായി വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഏറെ സുരക്ഷാ സൗകര്യങ്ങൾ ഉള്ളതാണ്. അതിനാൽ പൊതുവെ അപകടത്തിൽപ്പെടാനുളള സാദ്ധ്യത കുവാണെന്നാണ് റിപ്പാേർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ: 1800 5691 444
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |