
കൊൽക്കത്ത: ബംഗാൾ ഗവർണറായിരുന്ന ഡോ. സി വി ആനന്ദബോസ് രാജിവച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം രാജിവച്ചതെന്നും പല ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ കാര്യമായി അലട്ടിയിരുന്നു എന്നുമാണ് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യ പറയുന്നത്. ആനന്ദബോസുമായി പാർട്ടിക്ക് ഒരു പ്രശ്നവുമില്ളെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഇത് മതിയായ വിശദീകരണമായി രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നില്ല. ബംഗാൾ സർക്കാരുമായുള്ള ആനന്ദബോസിന്റെ സമീപനം മയപ്പെട്ടതാണ് രാജിക്ക് പ്രധാനകാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്നാട്ടിൽ സംസ്ഥാനസർക്കാരുമായി കടുത്ത പോരിലേർപ്പെട്ടിരിക്കുന്ന ആർ എൽ രവിയാണ് ബംഗാളിലെ നിയുക്ത ഗവർണർ എന്നത് ഇത് കൂടുതൽ വ്യക്തമാക്കുന്നു എന്നും അവർ പറയുന്നു.
കേരളത്തിനൊപ്പം ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബംഗാൾ കൈപ്പിടിയിലൊതുക്കാൻ ഏറെനാളായി ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ അധികാരം പിടിക്കുക എന്നത് അവരുടെ പ്രസ്റ്റീജ് ഇഷ്യൂവുമാണ്. പക്ഷേ, ഇതുവരെ ചെയ്തൊന്നും അധികാരം പിടിക്കാൻ പോരുന്നതായിരുന്നില്ല. അതിനാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ശക്തനായ ഗവർണർ വേണമെന്നത് സംസ്ഥാനത്തെ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ആവശ്യമാണ്. ഇതിനുവേണ്ടിയാണ് ആനന്ദബോസിനോട് പടിയിറങ്ങാൻ ആവശ്യപ്പെട്ടതെന്നാണ് ബിജെപി വൃത്തങ്ങൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. തിരഞ്ഞെടുപ്പിനുമുമ്പ് ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഗവർണക്കുമേൽ ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവാമെന്നാണ് മമത പറഞ്ഞത്. നടപടിയിൽ ആശങ്കയും നടുക്കുവും ഉണ്ടെന്നും അവർ പറഞ്ഞു.
മമതയുമായി ഇടഞ്ഞ് ചില വിവാദങ്ങളുണ്ടാക്കിയെങ്കിലും നിലവിൽ സംസ്ഥാനസർക്കാരുമായി വളരെ നല്ല ബന്ധത്തിലാണ് ആനന്ദബോസ്. തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബഡ്ജറ്റ് അവതരണവേളയിൽ ഉൾപ്പെടെ ഗവർണർമാർ ഉടക്കിട്ടെങ്കിലും ബംഗാളിൽ അതൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം ആനന്ദബോസിൽ കേന്ദ്രത്തിന് അപ്രീതി തോന്നാൻ ഇടയാക്കിയെന്നുവേണം കരുതാൻ.
ആനന്ദബോസിനമുമ്പ് ബംഗാൾ ഗവർണറായിരുന്നത് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറായിരുന്നു. ഗവർണറായി കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പാണ് അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി നിയമിച്ചത്. എന്നാൽ അവിടെയും കാലാവധി പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകറിന് രാജിവയ്ക്കേണ്ടിവന്നത് കേന്ദ്രത്തിന്റെ അപ്രീതിക്ക് ഇരയായതാണെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാജിക്കുപിന്നിലുള്ള യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |