ന്യൂഡൽഹി : സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് എത്രയും വേഗം വിവരം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദീപക് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഇക്കാര്യം ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയെ നിയന്ത്റിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്തെങ്കിലും നയം ആലോചിക്കുന്നുണ്ടെങ്കിൽ സെപ്തംബർ 24നകം വിവരം നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസ് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ അപേക്ഷയിലാണ് സുപ്രിം കോടതിയുടെ നിർദ്ദേശം. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. കേസുകൾ സുപ്രിം കോടതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ഫേസ്ബുക്കിന്റെ അപേക്ഷയെ തമിഴ്നാട് എതിർത്തു.
സോഷ്യൽമീഡിയകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്റാസ് ഹൈക്കോടതിയിൽ രണ്ട് പരാതിയും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിൽ ഓരോ പരാതിയുമാണ് നിലനിൽക്കുന്നത്. വിവിധ ഹൈക്കോടതികളിൽനിന്ന് വ്യത്യസ്ത അഭിപ്രായം വരുന്നത് ഒഴിവാക്കാനാണ് കേസ് സുപ്രിംകോടതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |