രാജ്യത്തെയെന്നല്ല, ലോകത്തെയാകെ ഞെട്ടിക്കുന്നതാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ, സമാനതകളില്ലാത്ത ആകാശദുരന്തം. 230 യാത്രികരും പന്ത്രണ്ട് വിമാന ജീവനക്കാരും ഉൾപ്പെടെ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരും അഗ്നിയിലൊടുങ്ങിയതായാണ് അദ്യമെത്തിയ റിപ്പോർട്ടുകളെങ്കിലും, മഹാദുരന്തത്തിൽ നിന്ന് ഒരാൾ മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് ഇതെഴുതുമ്പോൾ ലഭ്യമാകുന്ന റിപ്പോർട്ട്. വിമാനം പിൻഭാഗം കുത്തി വീണ മെഡിക്കൽ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും ദുരന്തത്തിന് ഇരയായി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരണമടഞ്ഞ വിമാനയാത്രികരിൽ ഉൾപ്പെടുന്നു. അപകടത്തിന് ഇരയായവരിൽ ഒരു മലയാളി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ 71 പേർ വിദേശികളായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത് അഞ്ചു മിനിട്ടിനകം തകർന്നുവീണ് തീപിടിക്കാൻ ഇടയായതിനു പിന്നിലെ സാങ്കേതിക കാരണങ്ങൾ വ്യോമയാന മന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിലേ വ്യക്തമാകൂ. എയർ ഇന്ത്യയുടെ അഭിമാന യാനങ്ങളിലൊന്നാണ് അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാമുള്ള ഡ്രീം ലൈനർ ബോയിംഗ് വിമാനം. ദീർഘദൂര അന്താരാഷ്ട്ര സർവീസുകൾക്ക് എയർ ഇന്ത്യ ഉപയോഗിക്കുന്ന ഡ്രീം ലൈനർ സീരീസിലുള്ള വിമാനം ഇത്തരത്തിൽ യാത്രയ്ക്കിടെ തകർന്നുവീഴുന്നത് ആദ്യം. പറന്നുയരാൻ തുടങ്ങി, ഉദ്ദേശം 625 അടി മാത്രം ഉയരത്തിലെത്തിയ വിമാനം, പിന്നീട് ഉയരാനുള്ള ശ്രമം പരാജയപ്പെട്ട് താഴ്ന്നുവന്ന് ജനവാസ മേഖലയിലെ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ വാൽഭാഗം നിലത്തുകുത്തി വീണ് നിമിഷാർദ്ധത്തിൽ അഗ്നിഗോളമായി മാറുകയായിരുന്നു. ഹോസ്റ്റൽ മെസിൽ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കു മുകളിലേക്കാണ്, വിമാനം ഇടിച്ചതിനെത്തുടർന്ന് തകർന്ന ടെറസിന്റെ കോൺക്രീറ്റ് പാളികൾ പതിച്ചത്.
തിരുവല്ല, പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാർ എന്ന നഴ്സ് ആണ് ദുരന്തത്തിന് ഇരയായ മലയാളി. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ജോലിചെയ്തിരുന്ന രഞ്ജിത അഞ്ചുവർഷത്തേക്ക് അവധിയെടുത്ത്, ആദ്യം മസ്കറ്റിലും തുടർന്ന് ലണ്ടനിലും നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു. അവധിക്കു ശേഷം ബുധനാഴ്ച നാട്ടിൽ നിന്നു പുറപ്പെട്ട് ചെന്നൈ വഴി അഹമ്മദാബാദിലെത്തിയ രഞ്ജിത അവിടെനിന്നാണ് ഇന്നലെ എയർ ഇന്ത്യാ ഫ്ളൈറ്റിൽ ലണ്ടനിലേക്കു തിരിച്ചത്. ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ആ യാത്ര അവസാന യാത്രയായിത്തീരുകയും ചെയ്തു. ആകെ 169 ഇന്ത്യക്കാരാണ് ദുരന്തത്തിൽ മരിച്ചത്. ഇരകളായവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്നലെ രാത്രി വൈകിയും പുറത്തു വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ദുരന്തത്തെക്കുറിച്ച് ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ലോകരാഷ്ട്രങ്ങളാകെ ഇന്ത്യയുടെ ദു:ഖത്തിൽ പങ്കുചേരുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
രാജ്യം സാക്ഷ്യംവഹിച്ച മറ്റൊരു വൻ വിമാനാപകടത്തിന് അഹമ്മദാബാദ് ഇതിനു മുമ്പ് ദുരന്തവേദിയായിട്ടുണ്ട്. മുപ്പത്തിയേഴു വർഷം മുമ്പ് 1988-ൽ, മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് ബോയിംഗ് വിമാനം ലാൻഡിംഗിന് ഒരുങ്ങവേ തകർന്നുവീണ് മരമണമടഞ്ഞത് 133 യാത്രക്കാരാണ്. അന്ന് രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം. ആകാശദുരന്തങ്ങൾ അപൂർവമല്ലെങ്കിലും, ടേക്ക് ഓഫ് ചെയ്തയുടൻ ജനവാസകേന്ദ്രത്തിനു മീതെ വിമാനം തകർന്നുവീണു തീപിടിച്ച് ഇത്രയുമധികം പേർ മരണത്തിലൊടുങ്ങുന്ന സംഭവങ്ങൾ അപൂർവം. എൻജിന്റെ പ്രവർത്തനവും മുഴുവൻ സാങ്കേതിക സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമതയും സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കിയതിനു ശേഷമാണ് ഓരോ വിമാനവും സർവീസ് ആരംഭിക്കുന്നത്. എന്നിട്ടും, യാത്ര പുറപ്പെട്ട് നിമിഷങ്ങൾക്കകം എയർ ഇന്ത്യാ വിമാനം ബാഹ്യ സാഹചര്യങ്ങളൊന്നുമില്ലാതെ അപകടത്തിൽപ്പെട്ടതാണ് അമ്പരപ്പിനു കാരണമാകുന്നത്.
ബോയിംഗ് വിമാന നിർമ്മാണ കമ്പനി 2011-ൽ പുറത്തിറക്കിയ ഡ്രീംലൈനർ സീരീസിലുള്ള 1100-ലധികം വിമാനങ്ങൾ ലോകമെമ്പാടുമായി സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യയ്ക്കാകട്ടെ, മുപ്പതിലധികം ഡ്രീംലൈനർ വിമാനങ്ങളുണ്ട്. ഗുരുതരമല്ലാത്ത സാങ്കേതിക തകരാറുകൾ പലതും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഡ്രീംലൈനർ ഫ്ളൈറ്റുകൾ ഒരു മഹാദുരന്തത്തിന് ഇന്നോളം വഴിവച്ചിട്ടില്ലാത്തതിനാൽ അടിസ്ഥാന നിർമ്മാണപ്പിഴവുകൾ സംശയിക്കാനാകില്ല. അതുകൊണ്ടുതന്നെ, ഇന്നലെ വൻ ദുരന്തത്തിനു വഴിയൊരുക്കിയ സാങ്കേതിക കാരണങ്ങളെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം തന്നെ വ്യോമയാന മന്ത്രാലയവും ബോയിംഗ് കമ്പനിയും വ്യോമയാന മേഖലയിലെ സുരക്ഷാ ഏജൻസികളും നടത്തുമെന്ന് പ്രതീക്ഷിക്കാം. ദുരന്തത്തിന് ഇരയായ മുഴുവൻ പേരുടെയും കുടുംബാംഗങ്ങൾക്ക് വിമാന കമ്പനിയും ഇന്ത്യാ ഗവൺമെന്റും അർഹമായ നഷ്ടപരിഹാരം അനുവദിക്കുകയും വേണം.
ഓരോ വിമാനാപകടത്തിനു ശേഷവും വ്യോമയാന മന്ത്രാലയത്തിന്റെ തന്നെ പല തലങ്ങളിലുള്ള അന്വേഷണങ്ങൾ പതിവുള്ളതാണ്. കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലുള്ള തുടർനടപടികളും സാധാരണം. പക്ഷേ, ഒന്നര പതിറ്റാണ്ടോളമായി ലോകത്തെവിടെയും കാര്യമായ അപകടങ്ങൾക്ക് കാരണമാകാതിരുന്ന ഒരു സീരീസിലുള്ള വിമാനം വരുത്തിവച്ച മഹാദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക മാത്രമല്ല, ആകാശയാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധിക കരുതലുകളും നടപടികളും സ്വീകരിക്കുകയും വേണം. സർവീസ് ആരംഭിക്കുന്നതിനു മുമ്പുള്ള സുരക്ഷാ പരിശോധനകളിൽ ജീവനക്കാരിൽ ആർക്കെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടോ എന്നത് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ട്. മനുഷ്യർക്ക് തടയാവുന്നതല്ല എല്ലാ ദുരന്തങ്ങളും. അതേസമയം, അശ്രദ്ധകൊണ്ടോ ഉദാസീനതകൊണ്ടോ ഒരു ദുരന്തവും സംഭവിച്ചുകൂടാ. അഹമ്മദാബാദ് വ്യോമദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖം നമ്മിലോരോരുത്തരുടെയും ദു:ഖം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |