തൃശൂർ: കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കാൻ ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ, അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സൂംബ ഡാൻസിന് തുടക്കം. ജില്ലയിലെ നൂറോളം സ്‌കൂളുകളിളാണ് നൃത്തം കൊണ്ട് മന:സംഘർഷം കുറയ്ക്കാനുള്ള പരിപാടികൾക്ക് തുടക്കമിട്ടത്. പി.ടി.എയുടെ സഹകരണത്തോടെ എം.എൽ.എ ഫണ്ടും സന്നദ്ധ സംഘടനകളുടെ സഹായവും സ്വീകരിച്ചാണ് സുംബ ഡാൻസ് നടക്കുന്നത്. സമയക്രമീകരണങ്ങൾ സ്‌കൂൾ അധികൃതർക്ക് തന്നെ നിശ്ചയിക്കാം. അദ്ധ്യാപക - വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്‌കൂളുകളിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കുന്നതിനും അധ്യാപകർക്കായി നവീകരിച്ച പരിശീലന പരിപാടികൾ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
കായിക ഇനങ്ങളും
സ്‌കൂളുകൾക്ക് പ്രത്യേക കായിക ഇനം തിരഞ്ഞെടുത്ത് അതിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. നീന്തൽ പഠനത്തിനും മുൻതൂക്കം നൽകുന്നുണ്ട്. സ്‌കൂൾ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്താനായിരുന്നു നിർദ്ദേശം. യോഗയും മറ്റ് വ്യായാമങ്ങളോ സ്‌കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാദ്ധ്യതകളും ആലോചിക്കുന്നുണ്ട്.
വൈകാരികത കൈകാര്യം ചെയ്യാനാവുന്നില്ല
തിളങ്ങുന്ന സ്മാർട്ട് ബോർഡുകൾക്ക് കീഴിൽ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഉടലെടുക്കുന്ന പ്രതിസന്ധി വിദ്യാർത്ഥികൾക്കുണ്ടെന്ന് മന:ശാസ്ത്രജ്ഞർ പറയുന്നു. വൈകാരികത അനുഭവിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് ക്രമേണ കുറയുന്ന അവസ്ഥയായ 'ഇമോഷണൽ ബാൻഡ് വിഡ്ത്ത് ഇറോഷൻ' ആണിത്.
താരതമ്യം ചെയ്യപ്പെടുക, ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുമായുള്ള നിരന്തരമായ ഇടപെടൽ മൂലം ശ്രദ്ധ, ചിന്താ പ്രക്രിയകൾ, വ്യക്തിത്വം പോലും തകരുന്ന 'ഡിജിറ്റൽ ഫ്രാഗ് മെന്റേഷൻ' എന്ന അവസ്ഥയിൽ വിദ്യാർത്ഥികൾ എത്തിച്ചേരാം. പഠന വൈകല്യങ്ങളല്ല; കുഞ്ഞുമനസുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങളാണിത്. യഥാർത്ഥ പ്രതിസന്ധി കഴിവില്ലായ്മയല്ല എന്നതാണ് ആദ്യം പഠിക്കേണ്ട പാഠം.
-ആതിരാത്മിക ലക്ഷ്മി,
കൺസൾട്ടന്റ് സെെക്കാളജിസ്റ്റ്,
അകം കൗൺസലിംഗ് സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |