നെടുമങ്ങാട്: വിവിധ ജില്ലകളിലായി പത്ത് പേരെ വിവാഹം കഴിച്ച കേസിൽ പിടിയിലായ രേഷ്മയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14ന് വൈകിട്ട് അഞ്ച് വരെയാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. കോട്ടയം,തൊടുപുഴ എന്നിവിടങ്ങളിലെത്തിച്ച് വിശദമായ തെളിവെടുപ്പ് ആവശ്യമുണ്ടെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
ബസിടിച്ച് മരണം:
ട്രാൻ. ഡ്രൈവറെ
പിരിച്ചുവിട്ടു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് കാളിദാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ താത്കാലിക ഡ്രൈവർ രാഗേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.
മേയ് 12ന് തിരുവനന്തപുരം പനവിള ജംഗ്ഷനിലായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധകാരണമാണ് അപകടമുണ്ടായതെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
സംഭവശേഷം രാഗേഷിനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിറുത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തത് വിവാദമായിരുന്നു. തിരിച്ചെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനും മന്ത്രി കെ.ബി.ഗണേശ്കുമാർ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറിന് നിർദ്ദേശം നൽകി.
ഡ്രൈവറെ തിരിച്ചെടുത്ത ഉദ്യോഗസ്ഥൻ ആരാണെന്ന് വിജിലൻസ് വിഭാഗം റിപ്പോർട്ടു നൽകുന്നതിനനുസരിച്ചാകും നടപടി. രാഗേഷിനെ തിരിച്ചെടുത്തത് ഗതാഗതമന്ത്രിയുടെ അറിവോടെയാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ, ഇത് വസ്തുതാവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വൈദ്യുതി ബോർഡിലെ
ഡി.എ കുടിശിക:
ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ/ഡി.ആർ കുടിശിക നിഷേധിക്കുന്നത് ചോദ്യംചെയ്യുന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പെൻഷണേഴ്സ് കൂട്ടായ്മയും അടുത്തിടെ വിരമിച്ച രണ്ടു ജീവനക്കാരുമാണ് ഹർജി സമർപ്പിച്ചത്. ത്രികക്ഷികരാർ ലംഘിച്ച്, ഈ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വിരമിക്കുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയിലടക്കം ഭീമമായ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നഷ്ടം പരിഹരിക്കണമെന്നും ഇടക്കാല ആശ്വാസമായി 31 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഇടക്കാല ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ജസ്റ്റിസ് ടി.ആർ. രവി സർക്കാരിനോടും ബോർഡിനോടും നിർദ്ദേശിച്ചു. ഹർജികൾ 27ന് പരിഗണിക്കാൻ മാറ്റി. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി. രാമകൃഷ്ണൻ ഹാജരായി.
കെ.പി.എം.ടി.എ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും
തിരുവനന്തപുരം: പാരാമെഡിക്കൽ ടെക്നിഷ്യൻമാരുടെ സംഘടനയായ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻ അസോസിയേഷൻ (കെ.പി.എം.ടി.എ) പതിനഞ്ചാം സംസ്ഥാന സമ്മേളനം നാളെയും ഞായറുമായി നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കും. 2500 പ്രതിനിധികൾ പങ്കെടുക്കും.
നാളെ രാവിലെ 10.30ന് മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. മെഡിക്കൽ എക്സ്പോയുടെ ഉദ്ഘാടനം ആന്റണി രാജു എം.എൽ.എ നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധിസമ്മേളനം മന്ത്രി ജി.ആർ. അനിലും ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടിയും നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ലഹരിവിരുദ്ധ ബോധവത്കരണം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.ബാബു, സ്വാഗതസംഘം ചെയർമാൻ ടി.തങ്കച്ചൻ, എസ്.വിജയൻപിള്ള, ശരീഫ് പാലോളി, അസ്ലം മെഡിനോവ, ഷിബു വാസുദേവൻ, പി.സി. കിഷോർ, അനിൽരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |