തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈസ്കൂൾ സമയക്രമം വർദ്ധിപ്പിച്ചതിൽ പുനരാലോചന ഉടനില്ല. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂരിലേക്ക് പോകുന്ന മുഖ്യമന്ത്രി തിരികെ എത്തിയ ശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തും. ഇതിന് ശേഷമേ സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കൂ.
ഹൈസ്കൂൾ സമയം വർദ്ധിപ്പിച്ചതിൽ സമസ്ത എതിർപ്പ് ഉന്നയിച്ചതാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഡയറക്ടറേറ്റും ഇറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതിൽ നിയമ തടസവും ഉണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമതിയുടെ നിർദ്ദേശപ്രകാരമാണ് സമയക്രമം പരിഷ്കരിച്ചത്.
ഹൈസ്കൂളിന് സമാന്തരമായി മദ്രസകളിൽ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പുതിയ സമയക്രമം ബാധിക്കും എന്നതാണ് സമസ്തയുടെ പ്രതിഷേധത്തിന് കാരണം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രംഗം അധികം വഷളാകുന്ന ചർച്ചകളും തർക്കങ്ങളും ഒഴിവാക്കുക എന്നതാണ് സർക്കാർ നിലപാട്.
അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ
എന്താണ് പ്രശ്നം: മന്ത്രി ശിവൻകുട്ടി
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം അരമണിക്കൂർ കൂടുതൽ ഉയർത്തിയാൽ എന്താണ് പ്രശ്നമെന്നും അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി വി.ശിവൻകുട്ടി. 15 മിനിറ്റൊന്നും വലിയ കാര്യമല്ല. ഇപ്പോൾ തന്നെ പല സ്കൂളുകളിലും സർക്കാരിന്റെ നിർദ്ദേശമില്ലാതെയാണ് കൂടുതൽ സമയം പഠിപ്പിക്കുന്നത്. കായികം, കല, കൃഷി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ പഠിപ്പിക്കാൻ ഒരു മണിക്കൂർ മാറ്റിവയ്ക്കാൻ പോവുകയാണ്. ഇതൊക്കെ കൂടിച്ചേർന്നാലേ വിദ്യാഭ്യാസം പൂർണമാകൂ. ഇവകൂടി ഇല്ലെങ്കിൽ വിദ്യാർത്ഥികൾ പുസ്തകപ്പുഴുക്കളാകും.
സ്കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരിന് പിടിവാശിയില്ല. കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. പ്രശ്നം ആവശ്യമില്ലാതെ വഷളാക്കി. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണ്. എതിർപ്പുകൾ വന്നാൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |