തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ കൊല്ലുന്ന പിഴയിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെങ്കിലും, ജനങ്ങളുടെ വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് പിഴത്തുക കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെടാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനം.
പിഴത്തുക കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് നേരത്തേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നത്. എന്നാൽ, പിഴത്തുക വർദ്ധിപ്പിച്ചതിന്റെ ആവശ്യകത മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബോദ്ധ്യപ്പെടുത്തുമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. മോട്ടോർ വാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴയ്‌ക്കെതിരെ ബി.ജെ.പി മുഖ്യമന്ത്രിമാർ ഉൾപ്പെടെ രംഗത്തെത്തിയെങ്കിലും നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്ര തീരുമാനം.
കൂട്ടിയ പിഴനിരക്കുകൾ വെട്ടിക്കുറച്ച് പുതിയ വിജ്ഞാപനമിറക്കാൻ തയ്യാറെടുപ്പു തുടങ്ങിയ കേരളത്തെ സംബന്ധിച്ച് ഗഡ്കരിയുടെ നിലപാടുമാറ്റം തലവേദനയാകും. കേന്ദ്രനിയമം അപ്പാടെ അനുസരിക്കണമെന്ന ഉപദേശമാണ് ആദ്യം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗതാഗതമന്ത്രിയുടെ ഓഫീസിനു ലഭിച്ചത്. അതുകൊണ്ടാണ് ആഗസ്റ്റ് 31നു തന്നെ വിജ്ഞാപനമിറക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ അനുവാദം നൽകിയതും. ഇതിൽ നിയമപരമായ പ്രശ്നങ്ങളുണ്ടാകുമോ എന്ന് 16 നു ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യും.
കേന്ദ്ര നിയമ പ്രകാരം 'യമണ്ടൻ' പെറ്റിയടി സെപ്തംബർ ഒന്നിനു തന്നെ തുടങ്ങിയത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഓണക്കാലത്ത് അമിത പിഴ ഈടാക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കുകയും ചെയ്തു. വരുന്ന ഉപതിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്താണ് കേന്ദ്ര നിയമത്തിനെതിരെയുള്ള നിലപാടിന് സംസ്ഥാനം ഒരുങ്ങുന്നത്.
വർഷാവർഷം പിഴത്തുക കൂടും
ഇപ്പോൾ സംസ്ഥാന സർക്കാരുകൾ പിഴത്തുക കുറച്ചാലും ഒരു വർഷം കഴിയുമ്പോൾ വേണമെങ്കിൽ പത്തു ശതമാനം കൂട്ടാൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ പ്രതിഷേധം തണുക്കുമ്പോൾ ആ വ്യവസ്ഥ പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ് സംസ്ഥാന ഗതാഗതവകുപ്പ്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ നിലപാടിനു ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനം. എന്തായാലും ധൃതിപിടിച്ച് ഉയർന്ന പിഴ ഈടാക്കില്ല
- എ..കെ.ശശീന്ദ്രൻ, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |