താന്തോണിത്തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം നീളുന്നു
കൊച്ചി: രാത്രി രണ്ടുമണി കഴിയുമ്പോഴേക്കും വെള്ളം കയറിത്തുടങ്ങും. മൂന്നുമണിയാകുമ്പോഴേക്കും മുട്ടോളം വെള്ളമാവും. നേരം വെളുക്കുമ്പോഴൊക്കെയാണ് വെള്ളം വരവ് നിക്കുന്നത്. ദുരിത ജീവിതമാണ് കൊച്ചി നഗരത്തിനു നടുവിലെ താന്തോണിത്തുരുത്തിലുള്ളവർക്ക്.
മത്സ്യത്തൊഴിലാളിയായ ലതികൻ തന്റെ രണ്ടുമുറി വീട്ടിലെ അവസ്ഥ വിവരിക്കുമ്പോൾ, പ്രതീക്ഷകൾ അസ്തമിച്ചവരുടെ ദയനീയതയാണ് മാതാപിതാക്കളുടെ മുഖത്ത് കാണാമായിരുന്നു. അച്ഛനും അമ്മയും രണ്ടും മക്കളും ഭാര്യയുടെ അനിയത്തിയും ഉൾപ്പെടെ ഏഴുപേരാണ് ലതികന്റെ വീട്ടിലുള്ളത്. വേലിയേറ്റത്തിൽ മുറികളിലൊക്കെ വെള്ളം കയറുമ്പോൾ, ഇടുങ്ങിയ ഹാളിലെ അൽപ്പം ഉയർന്ന കട്ടിലിലാണ് എല്ലാവരും വന്നിരിക്കും. ഇത് താന്തോണിത്തുരുത്തിലെ ദുരിത ജീവിതങ്ങളുടെ നേർച്ചിത്രമാണ്.
63 കുടുംബങ്ങളിലായി 250ലേറെ ആളുകളാണ് ഇവിടത്തെ താമസിക്കാർ. എല്ലാ കുടുംബങ്ങൾക്കും ഒരേ അവസ്ഥയാണ്. 85ലേറെ കുടുംബങ്ങൾ ഉണ്ടായിരുന്ന ഇവിടെനിന്ന് നിരവധി കുടുംബങ്ങൾ സ്ഥലവും സ്വപ്നങ്ങളും ഉപേക്ഷിച്ച് പോയി.
'നാളെ...നാളെ... നീളെ...നീളെ'
താന്തോണിത്തുരുത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 12 വർഷം മുമ്പ് ഇതിനായി ആറ് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഏറെ നാളത്തെ ചർച്ചകൾക്കും സമരങ്ങൾക്കുമൊടുവിൽ നാല് മാസം മുൻപ് വീണ്ടും മൂന്ന് കോടിയോളം രൂപ അനുവദിച്ചു.
ജിഡയുടെ മുന്നിൽ പാതിരാത്രിയിൽ താന്തോണിത്തുരുത്തുകാർ കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയായിരുന്നു നടപടി. കോർപ്പറേഷനിലെ 74-ാം ഡിവിഷന്റെ ഭാഗമായ ഇവിടുത്തെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നായിരുന്നു അന്ന് കളക്ടറുടെയും ജനപ്രതിനിധികളുടെയും ഉറപ്പ്. എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ഔട്ടർ ബണ്ട് നിർമ്മാണത്തിനുള്ള ഒരു നീക്കവും കാണാതായതോടെ താന്തോണിത്തുരുത്തുകാർ വീണ്ടും ജിഡയിലെത്തി. 20നുള്ളിൽ നിർമ്മാണ ജോലി തുടങ്ങുമെന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു. ഇനിയും നിർമ്മാണം വൈകിയാൽ ജിഡയുടെ മുന്നിൽ മരിക്കാൻ പോലും മടിക്കില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വീടുകൾ തകരുന്നു,
കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് സ്ഥിരമായതോടെ വീടുകളുടെ തേപ്പ് ദ്രവിച്ച് തകർച്ചയുടെ വക്കിലെത്തി. പല വീടുകളും ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. വേലിയേറ്റമായാൽ വീട്ടിലുള്ളവർക്ക് പുറത്തേക്ക് പോലും ഇറങ്ങാനാകുന്നില്ല.
മൃതദേഹങ്ങൾ വഞ്ചിയിൽ കൊണ്ടുപോകണം
തുരുത്തിലേക്കെത്താൻ ഒരേയൊരു ബോട്ട് സർവീസാണുള്ളത്. വൈകിട്ട് ആറു വരെ മാത്രമാണ് ബോട്ട് സർവീസ്. അതിനുശേഷം ചെറുവഞ്ചികളാണ് ആശ്രയം. ആരെങ്കിലും മരണപ്പെട്ടാൽ മൃതദേഹം ഏറെ ദൂരം നടന്ന് കടവിലെത്തിച്ച്, അവിടെനിന്ന് വഞ്ചിയിൽ പച്ചാളം ശ്മശാനത്തിലെത്തിക്കണം.
ഞങ്ങളെ മനുഷ്യരായൊന്ന് പരിഗണിക്കുകയെങ്കിലും വേണം
അംബാസുതൻ
താന്തോന്നിത്തുരുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |