ശബരിമല: കനത്ത മഴയിലും സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം. മിഥുനം ഒന്നായ ഇന്നലെ പുലർച്ചെ നടതുറന്നപ്പോൾ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി കാത്തുനിന്നത്. കനത്ത മഴയും ശീതക്കാറ്റും കോടമഞ്ഞും അവഗണിച്ച് പ്ലാസ്റ്റിക് കോട്ടുകളും കുടകളും ചൂടിയാണ് ഭക്തർ എത്തുന്നത്.
ഇന്നലെ പുലർച്ചെ 5ന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടന്നു. നെയ്യഭിഷേകവും നിശ്ചിത എണ്ണം അഷ്ടാഭിഷേകത്തിനും ശേഷം ഉഷഃപൂജ നടത്തി. തുടർന്ന് ബലിക്കൽ പുരയിൽ കുട്ടികളുടെ വഴിപാട് ചോറൂണ് നടന്നു.
മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരിബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ് എന്നിവർ നടതുറന്നപ്പോൾ സന്നിഹിതരായിരുന്നു. 19ന് രാത്രി 10ന് നടയടയ്ക്കും.
പമ്പാസ്നാനത്തിന് വിലക്ക്
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഭക്തർ പമ്പയിൽ ഇറങ്ങുന്നതിനും സ്നാന കർമ്മങ്ങൾ ചെയ്യുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തി. ത്രിവേണി സംഗമത്തിലും ത്രിവേണി പാലത്തിനു സമീപവും തീർത്ഥാടകർ നദിയിലിറങ്ങുന്നത് വടം കെട്ടി തടയുന്നുണ്ട്. ത്രിവേണിയിലെ വാഹന പാർക്കിംഗിനും താത്കാലിക നിയന്ത്രണങ്ങളുണ്ട്. മലകയറുന്ന ഭക്തർ ജാഗ്രത പുലർത്തണമെന്ന് ദേവസ്വം ബോർഡും പൊലീസും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |