ദൈനംദിന ജീവിതത്തിൽ പല ആവശ്യങ്ങൾക്കും ബസിലും ട്രെയിനിലും വിമാനങ്ങളിലും മിക്കവരും യാത്ര ചെയ്യാറുണ്ട്. കൂടുതലാളുകളും ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്താണ് യാത്രകൾ നടത്താറുളളത്. സുരക്ഷിതമായി യാത്ര ചെയ്യാൻ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി അപകടമുണ്ടായാൽ പോലും രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ നമ്മളെ സഹായിക്കും. ബസിലും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോൾ ചില സീറ്റുകൾ തിരഞ്ഞെടുത്താൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാമെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ. ഇങ്ങനെ ചെയ്താൽ ഒരുപക്ഷേ അപകടമുണ്ടായാൽ പോലും പരിക്കേൽക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
പൊതുഗതാഗത മാർഗങ്ങളിൽ ഭൂരിഭാഗം പേരും യാത്ര ചെയ്യാൻ ബസുകളെയാണ് തിരഞ്ഞെടുക്കുന്നത്. മദ്ധ്യഭാഗത്തായുളള സീറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ സുരക്ഷിതം. അതുപോലെ ഡ്രൈവറിന് അടുത്തുളള സീറ്റുകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുന്നത്, സുരക്ഷിതമായി യാത്ര ചെയ്യാൻ സഹായിക്കും.
ദിവസം തോറും ലക്ഷകണക്കിനാളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ദീർഘദൂര യാത്രകൾക്കും മിക്കവരും ട്രെയിൻ തിരഞ്ഞെടുക്കാറുണ്ട്. മറ്റുളള ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ട്രെയിൻ ടിക്കറ്റ് നിരക്കുകളും കുറവാണ്. ട്രെയിനിന്റെ മദ്ധ്യഭാഗത്തുളള സീറ്റുകൾ യാത്രകൾക്കായി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ദർ പറയുന്നത്. ഉദാഹരണത്തിന് ട്രെയിനിന്റെ 13 മുതൽ 15 വരെയുളള കോച്ചുകളിലെ സീറ്റുകളാണ് യാത്ര ചെയ്യാൻ കൂടുതൽ സുരക്ഷിതം.
ചെലവ് കൂടുതലാണെങ്കിലും വിമാനയാത്ര നടത്തുന്നവരുടെ എണ്ണവും കുറവല്ല. അടുത്തിലെ അഹമ്മദാബാദിൽ വിമാനദുരന്തമുണ്ടായതോടെ പലരും ആശങ്കയിലാണ്. വിമാനത്തിന്റെ മുൻ ഭാഗത്തുളള സീറ്റ് തിരഞ്ഞെടുക്കുന്നതിനെക്കാൾ പിറക് വശത്തെ സൈഡ് സീറ്റാണ് കൂടുതൽ സുരക്ഷിതമെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, നിത്യജീവിതത്തിൽ ഭീമൻ കപ്പലുകളിൽ യാത്ര ചെയ്യുന്നവരുടെ നിരക്ക് മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നിരുന്നാലും വിനോദത്തിനായി പലരും കപ്പൽ യാത്രകൾ നടത്താറുണ്ട്. കപ്പലിന്റെ ഉൾഭാഗത്തോ ലോവർ ഡെക്കിലെ മദ്ധ്യഭാഗത്തോ യാത്ര ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |