SignIn
Kerala Kaumudi Online
Monday, 07 July 2025 12.22 PM IST

ദൈവം നൽകിയ ചുമതല, പ്രവർത്തിക്കാൻ ഏറെയുണ്ട്

Increase Font Size Decrease Font Size Print Page
sa

മാത്യൂസ് മാർ പോളിക്കാർപോസ്

നിയുക്ത മെത്രാപ്പോലീത്ത

മാവേലിക്കര രൂപത

മലങ്കര കത്തോലിക്കാ സഭ,​ മാവേലിക്കര രൂപതയുടെ പുതിയ അദ്ധ്യക്ഷനായി നിയുക്തനായ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളിക്കാർപോസ് പുതിയ ചുമതലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും 'കേരളകൗമുദി"യുമായി സംസാരിക്കുന്നു:

വലിയ ദൗത്യം തന്നെയാണ് പുതിയ ചുമതല. വലിയ ഉത്തരവാദിത്വമാണെങ്കിലും ദൈവത്തിൽ ഭരമേൽപ്പിക്കുകയാണ്. ദൈവം നടത്തുമെന്ന ബോദ്ധ്യവും വിശ്വാസവുമുണ്ട്. സഭയിലുള്ളവരെ മാത്രമല്ല, മറ്റുള്ളവരെയും ഉൾക്കൊണ്ടു പോകുന്നതാണല്ലോ ഒരു മെത്രാന്റെ ദൗത്യം. ഇക്കാര്യത്തിൽ എനിക്കു മുമ്പുണ്ടായിരുന്നവരുടെ പാതയിലൂടെ തന്നെ മുന്നോട്ടുപോകും. 98 ഇടവകകളുള്ള സാമാന്യം വിസ്തൃതിയുള്ള രൂപതയാണ് മാവേലിക്കര. മെത്രാപ്പൊലീത്ത സ്ഥാനത്തുനിന്ന് വിരമിച്ച ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആയിരുന്നു രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ. വളരെയേറെ പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. ആവശ്യമായ കാര്യങ്ങളിലെല്ലാം അദ്ദേഹവുമായി കൂടിയാലോചിച്ച് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്.

? അങ്ങ് കൂടി അംഗമായ രൂപതയുടെ ചുമതലയിലേക്കാണല്ലോ എത്തുന്നത്.

 മാവേലിക്കര രൂപതയുടെ തെക്കേ അറ്റത്താണ് പുത്തൂരിൽ എന്റെ ഇടവക സ്ഥിതിചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പേ അവിടെനിന്ന് പോന്നതിനാലും മാവേലിക്കരയിൽ നിന്ന് വളരെ ദൂരത്താണ് ജീവിച്ചിരുന്നത് എന്നതിനാലും അവിടെയുള്ളവരുമായി അത്ര അടുപ്പമില്ല. എന്നിരുന്നാലും സഭയുടെ വിവിധ ചുമതലകളുമായി ബന്ധപ്പെട്ട് രൂപതയിലുള്ളവരുമായി നല്ല ബന്ധമാണുള്ളത്. അത് ഭാവി പ്രവർത്തനങ്ങൾക്ക് സഹായകമാകും.

? തിരുവനന്തപുരത്തായിരുന്നപ്പോൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ വളരെയേറെ സജീവമായിരുന്നല്ലോ.

 അതൊരു വലിയ വിഷയമാണ്. ഇവിടെയായിരുന്നപ്പോൾ എല്ലാ കാര്യങ്ങളിലും ഇടപെടാൻ കഴിയുമായിരുന്നു. അത് മാവേലിക്കരയിലും തുടരാൻ കഴിയുമെന്നാണ് കരുതുന്നത്. പുതിയ ഇടമാണെങ്കിലും പൊതുവായുള്ള വിഷയങ്ങൾ ഒന്നുതന്നെയാണ്. അവിടെയുള്ള ആളുകളുമായി സഹകരിച്ചുകൊണ്ട് പലകാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ട്.

? സഭയുടെ നിയന്ത്രണത്തിലുള്ള മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം...

 മാവേലിക്കര രൂപതയ്ക്കു കീഴിൽ രണ്ട് അൺ എയ്ഡഡ് കോളേജുകളാണുള്ളത്- തെക്കേക്കര ചെറുകുന്നം മാർ ഇവാനിയോസ് ആർട്സ് ആൻഡ് സയൻസ് കോളേജും ചെങ്ങന്നൂരിലെ മാർ ഇവാനിയോസ് ലാ കോളേജും. തിരുവനന്തപുരത്തെ സാഹചര്യമല്ല അവിടെ. മിക്ക ആർട്സ് ആൻഡ് സയൻസ് കോളേജുകളും വലിയ പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോകുന്നത്. പലതും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നു. ആ സ്ഥാപനങ്ങൾ എങ്ങനെ വിജയിപ്പിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്.

മിക്കവാറും വിദ്യാർത്ഥികൾക്ക് വിദേശത്തു പോയി പഠിക്കാനും മൈഗ്രേറ്റ് ചെയ്യാനുമാണ് താത്പര്യം. ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അതിനിപ്പോൾ ആൺ- പെൺ ഭേദമൊന്നുമില്ല. ഇവയൊക്കെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്.

? യുവാക്കൾ വിദേശങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനെക്കുറിച്ച്...

 സഭയെന്നല്ല, സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് അത്. മക്കൾ വിദേശത്ത് ജോലി ചെയ്യുന്നതുമൂലം ആരും സഹായിക്കാനില്ലാതെ കഴിയുന്ന ഒട്ടേറെ മാതാപിതാക്കൾ നമ്മുടെയിടയിലുണ്ട്. ഇവരെയൊക്കെ സംരക്ഷിക്കാൻ കൂടുതൽ വൃദ്ധസദനങ്ങൾ ഉണ്ടാകേണ്ട അവസ്ഥയാണ്. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിൽ പ്രവേശിച്ചവർ,​ ദമ്പതികളായും അല്ലാതെയും മറ്റ് ആശ്രയമില്ലാത്തവർ എന്നിവരൊക്കെ ഒത്തുചേർന്ന് പരസ്പര സഹായത്തോടെ ജീവിക്കുക. തിരുവനന്തപുരത്ത് വേറ്റിനാട് ഞങ്ങളുടേതായി അത്തരമൊരു സംവിധാനം പ്രാവർത്തികമായി വരുന്നുണ്ട്. അത്തരം പദ്ധതികൾ മാവേലിക്കരയിലും നടപ്പാക്കുന്നത് പരിശോധിക്കും.

? മലയോര മേഖലകളിൽ വന്യജീവി ആക്രമണം വർദ്ധിക്കുകയണല്ലോ.

 മാവേലിക്കര രൂപതയിലുള്ളവർക്ക് ഇത് വലിയ പ്രശ്നമല്ലെങ്കിലും കേരളത്തിലെ ജനങ്ങൾ നേരിടുന്നതായ പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടാകാത്തത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കാട്ടുപന്നികൾ ക്രമാതീതമായി പെരുകിയിട്ടും ജീവനാശവും കൃഷിനാശവുമെല്ലാം ഉണ്ടാക്കിയിട്ടും കൊല്ലാനാവില്ല എന്ന നിയമത്തിൽ എന്തുകൊണ്ട് മുറുകെപ്പിടിക്കുന്നു എന്നതാണ് ചോദ്യം. കൊന്നാൽത്തന്നെ അതിന്റെ മാംസം ഉപയോഗിക്കാനാവില്ലെന്നു പറയുന്നു. ഇതിന്റെയൊക്കെ യുക്തി മനസിലാകുന്നില്ല.

മനുഷ്യൻ വേട്ടയാടുന്നതും ഉപയോഗിക്കുന്നതും തടഞ്ഞാൽത്തന്നെ കാഴ്ചബംഗ്ലാവിലും മറ്റുമുള്ള മൃഗങ്ങൾക്ക് ഈ മാംസം ഉപയോഗപ്രദമാക്കുന്നതിൽ എന്താണ് തടസം? ഇക്കാര്യത്തിൽ കേന്ദ്രത്തിന്റേതാണോ സംസ്ഥാനത്തിന്റേതാണോ തടസമെന്ന് മനസിലാകുന്നില്ല. നസിലാകാത്തത്. നഗരങ്ങളിൽ വരെ ഇവയുടെ ആക്രമണമുണ്ടാകുമോ എന്നാണ് ആളുകളുടെ ആശങ്ക. പട്ടത്തുള്ള സഭാ ആസ്ഥാനത്തുവരെ മയിലിനെ കാണാറുണ്ട്. അവയുടെ ആവാസവ്യവസ്ഥ അത്രയ്ക്ക് മാറിപ്പോയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേരളകൗമുദിയുമായി

ആത്മബന്ധം

കേരളകൗമുദിയുമായി ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയ്ക്ക് വലിയൊരു ബന്ധമാണുള്ളത്. ചീഫ് എഡിറ്റർ ദീപു രവി, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി എന്നിവരുമായി മാത്രമല്ല, മുൻ ചീഫ് എഡിറ്റർ എം.എസ്. രവിയുമായും വലിയ ആത്മബന്ധമുണ്ട്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'അമിക്കോസി"ന്റെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് എം.എസ്.രവി. ഞാൻ പ്രിൻസിപ്പലായിരുന്ന സമയത്ത് വർഷത്തിൽ നാല് ദേശീയ പരിപാടികൾ വരെ നടത്തുമായിരുന്നു. അതിൽ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിനെ വരെ എത്തിച്ചതിനു പിന്നിൽ എം.എസ്.രവിയുടെ പങ്ക് മറക്കാനാവില്ല.

സ്ഥാനാരോഹണം 29ന്

മാവേലിക്കര രൂപതയുടെ അദ്ധ്യക്ഷനായി നിയുക്തനായ ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപോസിന്റെ സ്ഥാനാരോഹണം 29ന് മാവേലിക്കര രൂപതയുടെ ആസ്ഥാന ദേവാലയമായ പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാ‌ർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റ് മെത്രാപ്പൊലീത്തമാരും കാർമ്മികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോ പോൾഡോ ജിറേലി‌, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.

TAGS: MATHEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.