പാലക്കാട്: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയും മഴയുടെ സ്വഭാവത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കാനും സാദ്ധ്യതയുള്ളതിനാൽ മണ്ണിൽ ജലാംശം ക്രമീകരിച്ച് നെൽക്കൃഷി ചെയ്യേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം). പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനവും ജലവിനിയോഗവും സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിപ്പ്. സംസ്ഥാനത്ത് താപനില 1.8 മുതൽ 2.3 സെൽഷ്യസ് വരെ വർദ്ധിച്ചേക്കും. അതേ സമയം മഴയുടെ അളവ് കൂടുമെങ്കിലും വരൾച്ചയും അതിവർഷവും മാറിമറിഞ്ഞുവരുമെന്നും ഈ വർഷം ആദ്യം സി.ഡബ്ല്യു.ആർ.ഡി.എം സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നെൽ വയലുകളിൽ ചെളി നിരപ്പിന് മീതേ അഞ്ചുസെന്റീമീറ്റർ വരെ വെള്ളം നിറുത്തി നെൽക്കൃഷി ചെയ്തിരുന്ന രീതി ഇനി പ്രായോഗികമല്ല. ചെളിനിരപ്പിൽ നിന്ന് 15 സെന്റീമീറ്റർവരെ ജലനിരപ്പ് താഴ്ത്തിയുള്ള നെൽക്കൃഷി രീതി നടപ്പാക്കാനാണ് അധികൃതർ ശുപാർശ ചെയ്യുന്നത്. നെൽപ്പാടത്ത് വെള്ളം കയറ്റുന്നതും ഇറക്കുന്നതും ഇടവേളകളായി ക്രമീകരിക്കണം. അതിന് കർഷകരെ ബോധവത്കരിക്കുകയും ജലവിള കലണ്ടർ തയ്യാറാക്കുകയും വേണം. കൂടാതെ കൃത്യമായ ജലമാനേജ്‌മെന്റും നടപ്പാക്കിയാൽ മാത്രമേ കേരളത്തിൽ നെൽക്കൃഷിക്ക് രക്ഷയുള്ളൂ.
കൃഷി മഴവെള്ളത്തെയും ആശ്രയിച്ച്
ഡാമിലെയും പുഴയിലെയും വെള്ളത്തിന് പുറമേ മഴവെള്ളത്തെയും ആശ്രയിച്ചാണ് പാലക്കാട്ടെ കർഷകർ നെൽകൃഷിയിറക്കുന്നത്. നടീൽ, വളപ്രയോഗം, കതിര് വരുന്ന സമയം, കൊയ്ത്ത് വരെ വിവിധ ഘട്ടങ്ങളിൽ നെൽചെടിയുടെ ആരോഗ്യത്തിനും നല്ല വിളവെടുപ്പിനും യഥാസമയം ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം.
ആഗോളതലത്തിൽ ഒരു ടൺ നെല്ല് ഉത്പാദിപ്പിക്കാൻ 1400 എം ക്യൂബ് വെള്ളം വേണ്ടിവരുമ്പോൾ പാലക്കാട്ട് 1975 എംക്യൂബ് ആവശ്യമായി വരുന്നുണ്ട്. ഇതിൽ 1100 എം ക്യൂബും മഴവെള്ളവും ഉറവ വെള്ളവുമാണ്. പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും മൂലം 2080 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഒരുടൺ നെല്ല് ഉത്പാദിപ്പിക്കാൻ 1,700 എംക്യൂബ് വെള്ളം വേണ്ടിവരും. പാലക്കാട് അതിനേക്കാൾ കൂടലതും. വളം, കീടനാശിനി എന്നിവയുടെ ഉപയോഗംമൂലം മണ്ണിലുണ്ടാകുന്ന രാസസാന്നിദ്ധ്യത്തിന്റെ വീര്യം കുറയ്ക്കാനും അധിക ജലവിനിയോഗം വേണ്ടിവരും. പുഴ, ഉറവ (കുളം, തുറന്നകിണർ) എന്നിവയുടെ സംരക്ഷണത്തിലൂടെ മണ്ണിലെ ജലാംശം സംരക്ഷിക്കാമെന്ന് സി.ഡബ്ല്യു.ആർ.ഡി.എം അധികൃതർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |