തൃശൂർ: ദേശീയപാത 544ൽ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാകാൻ ഇനിയും വേണ്ടത് മിനിമം ഒരു വർഷം. കളക്ടർക്ക് ഈ മാസം 21ന് ദേശീയപാതാ അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടർ സമർപ്പിക്കാനിരിക്കുന്ന വർക്ക് കലണ്ടറിൽ ഇക്കാര്യം സൂചിപ്പിച്ചേക്കുമെന്ന് വിവരം. ഇതോടെ ദേശീയപാതയിലെ കുരുക്ക് ഇനിയും നീളുമെന്ന് ഉറപ്പായി.
അടിപ്പാത നിർമ്മാണം നടക്കുന്ന കൊരട്ടി, ആലത്തൂർ, പാലക്കാട് കാഴ്ചപ്പറമ്പ് എന്നിവിടങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും സ്ട്രക്ചർ പൂർത്തിയായി. അടിപ്പാതകളുടെ നിർമ്മാണം 25 ശതമാനത്തോളം പൂർത്തിയായി. മഴക്കാലത്തിന് മുൻപേ എല്ലായിടത്തും സ്ട്രക്ചർ പൂർത്തിയായാൽ പാനലുകൾ വച്ച് മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തികളാണ് പിന്നീട് ചെയ്യേണ്ടത്. എന്നാൽ മഴക്കാലത്തിന് ശേഷമേ ഈ പ്രവൃത്തി ചെയ്യാനാകൂ. മണ്ണിന്റെ സാന്ദ്രത ഉറപ്പാക്കേണ്ടതിനാൽ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ തുടങ്ങിയാലും രണ്ട് മൂന്ന് മാസക്കാലം മണ്ണ് നിറയ്ക്കുന്ന പ്രവൃത്തിക്ക് സമയമെടുക്കും.
തുടർന്നുള്ള മറ്റ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കാൻ നാലഞ്ച് മാസമെടുത്തേക്കും. പാലക്കാട് മണ്ണുത്തി അങ്കമാലി റോഡിലെ കുരുക്കും സമയദൈർഘ്യവും കൊണ്ട് യാത്രക്കാർക്ക് ഇനിയും ഒരു വർഷം ദുരിതം തന്നെയാകും ഫലം.
താത്കാലിക പരിഹാരം തുടങ്ങി
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന കല്ലിടുക്കും മുടിക്കോടും ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായുള്ള താത്കാലിക പ്രവൃത്തികൾക്ക് തുടക്കം. പാത നിർമ്മിക്കുമ്പോൾ അടിഭാഗത്ത് ഉറപ്പുകിട്ടാനായി വിരിക്കുന്ന വെറ്റ് മിക്‌സ് മെക്കാഡം (ഡബ്ലിയു.എം.എം) പാകി നിരപ്പാക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. മഴയായതിനാൽ പ്ലാന്റുകൾ പ്രവർത്തിക്കാത്തതിനാൽ ടാറിംഗ് നടക്കില്ലെന്നാണ് എൻ.എച്ച്.എ അധികൃതരുടെ വിശദീകരണം.
കല്ലിടുക്കിൽ ഡ്രെയിനേജ് ഇല്ലാത്തതാണ് റോഡുകൾ തകരുന്നതിന്റെ കാരണമെന്നാണ് എൻ.എച്ച്.എ വിലയിരുത്തുന്നത്. വെള്ളം ഒഴുകിപ്പോകുന്നതിന് താത്കാലിക ചാലും ഒരുക്കുന്നുണ്ട്. യഥാർത്ഥ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെങ്കിൽ പാറ പൊട്ടിക്കേണ്ടിവരും. അങ്ങനെ വന്നാൽ റോഡിലെ കുരുക്ക് രൂക്ഷമാകാനിടയുണ്ടെന്നും പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ കേരളകൗമുദിയോട് പറഞ്ഞു.
പ്രധാന പാത പൊളിച്ച് നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് രണ്ടിടത്തും വാഹനങ്ങളുടെ സഞ്ചാരം. റോഡുകൾ പൂർണമായും തകർന്ന് കുരുക്ക് രൂപപ്പെട്ടത് നേരിൽക്കാണാനായി മന്ത്രി കെ.രാജനും കളക്ടർ അർജുൻ പാണ്ഡ്യനും കമ്മിഷണർ ആർ.ഇളങ്കോയും ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു.
ഇലക്ട്രിക് പോസ്റ്റ് മാറ്റം വൈകുന്നു
മുടിക്കോട്ടെ ഇലക്ട്രിക് പോസ്റ്റുകൾ നീക്കുന്ന പ്രവൃത്തി വൈകുന്നു. കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന എസ്റ്റിമേറ്റ് എൻ.എച്ച്.എ അംഗീകരിച്ച ശേഷമേ പ്രവൃത്തികൾ നടക്കൂ. ഇന്നലെ വൈകിട്ട് വരെ എത്ര തുക വേണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞിട്ടില്ലെന്നാണ് എൻ.എച്ച്.എ അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |