രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 136 പേർക്ക്
പാലക്കാട്: കാലവർഷം ശക്തമായതോടെ പാലക്കാട് ജില്ലയിൽ പകർച്ചവ്യാധികളും തലപൊക്കിത്തുടങ്ങി. പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയാണ് പടരുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്. കഴിഞ്ഞദിവസം വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 9029 പേർ ഒ.പി വിഭാഗത്തിലും 186 പേർ ഐ.പി വിഭാഗത്തിലും പനിക്കായി ചികിത്സ തേടി. രണ്ടാഴ്ചയ്ക്കിടെ 136 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 308 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. 13 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
മേയിൽ 1307 പേർക്കാണ് സംസ്ഥാനത്തൊട്ടാകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ മരിച്ചു. ജൂണിൽ ഇതുവരെ 898 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം 4145 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 16 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 145 പേർക്കാണ് ജൂണിൽ എലിപ്പനി ബാധിച്ചത്. രണ്ടുപേർ മരിച്ചു. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ കൊതുക് വഴി പകരുന്ന ചിക്കുൻഗുനിയ, മലമ്പനി എന്നിവയും പടരുന്നുണ്ട്. കൊവിഡ് ആശങ്ക കൂടിയുള്ളതിനാൽ പനി, ജലദോഷം എന്നിവ ബാധിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
പനിക്ക് പുറമേ വയറിളക്കം പോലുള്ള രോഗങ്ങൾക്കും മഴക്കാലത്ത് സാധ്യത കൂടുതലാണ്. ആഹാരവും കുടിവെള്ളവും മലിനമാകുമ്പോൾ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ ബാധിക്കും. ഇത് പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണപദാർഥങ്ങൾ നന്നായി പാകം ചെയ്ത് ചൂടോടെ കഴിക്കുക. ഈച്ച, കൊതുക്, പ്രാണികൾ തുടങ്ങിയവ ഇരിക്കാതിരിക്കാൻ ഭക്ഷണം എപ്പോഴും അടച്ചുസൂക്ഷിക്കുക. പനി, ജലദോഷം, ഛർദി, ക്ഷീണം, തൊണ്ടവേദന, ചുമ, നടുവേദന, സന്ധിവേദന തുടങ്ങി ഏത് തരം ലക്ഷണങ്ങൾ കണ്ടാലും സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറെ കാണണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |